Saturday, May 4, 2024
spot_img

മഞ്ഞപ്പടയ്ക്ക് ഇനി പുതിയ ആശാൻ; ബ്ലാസ്റ്റേഴ്സിന്റെ അമരത്ത് സെര്‍ബിയക്കാരൻ ‘ഇവാന്‍ വുകോമനോവിച്ച്’

കൊച്ചി: പുതിയ സീസണ്‍, പുതിയൊരു പരിശീലകന്‍, ഇതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ നിലവിലെ നയം. മഞ്ഞപ്പടയുടെ അമരക്കാരനായി ഇത്തവണയെത്തിയിരിക്കുന്നത് സെര്‍ബിയന്‍ ഫുട്ബോള്‍ മാനേജരായ ഇവാന്‍ വുകോമനോവിച്ചാണ്. ബെല്‍ജിയം, സ്ലൊവാക്യ, സൈപ്രസ് എന്നിവിടങ്ങളിലെ ടോപ്പ് ഡിവിഷനുകളില്‍ നിന്ന് വിശാലമായ പരിശീലക അനുഭവവുമായി എത്തുന്ന ഇവാന്‍, കെബിഎഫ്‌സിയുടെ മാനേജരാവുന്ന ആദ്യത്തെ സെര്‍ബിയനാവും എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. 2013-14 സീസണില്‍ ബെല്‍ജിയന്‍ ക്ലബ് സ്റ്റാന്‍ഡേര്‍ഡ് ലിഗയുടെ സഹ പരിശീലകനായാണ് 43 വയസുകാരനായ വുകോമനോവിച്ച് തന്റെ കോച്ചിങ് കരിയര്‍ തുടങ്ങുന്നത്. തുടര്‍ന്ന് മുഖ്യപരിശീലകനായി സ്ഥാനക്കയറ്റം ലഭിച്ചു . ഇവാന് കീഴില്‍ ടീം തുടര്‍ച്ചയായി രണ്ടു വര്‍ഷം യുവേഫ യൂറോപ്പ ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടി.

ഈ കാലയളവില്‍, ബെല്‍ജിയത്തിന്റെ അന്താരാഷ്ട്ര താരങ്ങളായ മിച്ചി ബറ്റ്ഷുവായ്, ലോറന്റ് സിമോണ്‍ എന്നിവരെ രൂപപ്പെടുത്തുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. പിന്നീട് സ്ലൊവാക്യന്‍ സൂപ്പര്‍ ലീഗ് ടീമായ എസ്‌. കെ സ്ലോവന്‍ ബ്രാറ്റിസ്ലാവയെ പരിശീലിപ്പിച്ചു. ടീമിന് സ്ലൊവാക്യ ദേശീയ കപ്പും നേടിക്കൊടുത്തു. സൈപ്രസ് ഫസ്റ്റ് ഡിവിഷനിലെ അപ്പോല്ലോണ്‍ ലിമാസ്സോളിന്റെ ചുമതലയായിരുന്നു ഏറ്റവുമൊടുവില്‍ വഹിച്ചത്. കോച്ചിങ് കരിയറിന് മുമ്പ്, നീണ്ട 15 വര്‍ഷം പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരമായിരുന്നു ഇവാന്‍ വുകോമനോവിച്ച്. ഫ്രഞ്ച് ക്ലബ്ബായ എഫ്‌സി ബാര്‍ഡോ, ജര്‍മന്‍ ക്ലബ്ബായ എഫ്‌സി കൊളോണ്‍, ബെല്‍ജിയം ക്ലബ്ബ് റോയല്‍ ആന്റ്‌വെര്‍പ്, റഷ്യയിലെ ഡൈനാമോ മോസ്‌കോ, സെര്‍ബിയന്‍ ക്ലബ്ബായ റെഡ്സ്റ്റാര്‍ ബെല്‍ഗ്രേഡ് എന്നീ ടീമുകള്‍ക്കായി പ്രതിരോധത്തിന് പുറമെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡിലും ഇവാൻ കളിച്ചിട്ടുണ്ട്.

“ക്ലബ്ബിന്റെ ഡയറക്ടര്‍മാരുമായുള്ള ആദ്യ ചര്‍ച്ച മുതല്‍, തീരുമാനം അനുകൂലമായിരുന്നുവെന്ന് വുകോമനോവിച്ച് പറഞ്ഞു. പ്രൊഫഷണല്‍ സമീപനത്തോടെയുള്ളതാണ് അവരുടെ കാഴ്ചപ്പാടുകള്‍, അത് തന്നെ ആകർഷിച്ചു . ഈ വലിയ ആരാധക വൃന്ദവും, കെ.ബി.എഫ്‌.സിയ്ക്കു ലഭിക്കുന്ന അകമഴിഞ്ഞ പിന്തുണയും കണ്ട ശേഷം ടീമിനൊപ്പം ചേരാന്‍ രണ്ടാമത് ആലോചിക്കേണ്ടി വന്നില്ല” വുകോമനോവിച്ച് വ്യക്തമാക്കി.

പ്രൊഫഷണല്‍ ഫുട്‌ബോള്‍ പരിശീലകനെന്ന നിലയില്‍ 18 വര്‍ഷത്തെ അനുഭവസമ്പത്തുള്ള ബെല്‍ജിയന്‍ സഹപരിശീലകന്‍ പാട്രിക് വാന്‍ കെറ്റ്‌സും ഇവാന്റെ പരിശീലക ടീമില്‍ ഉള്‍പ്പെടും. ഫ്രാന്‍സിലെയും ബെല്‍ജിയത്തിലെയും വിവിധ ക്ലബ്ബുകളുടെ സഹപരിശീലകനായി സേവനം അനുഷ്ഠിച്ചിട്ടുള്ള പാട്രിക്കിന് യുവപ്രതിഭകളെ വളര്‍ത്താനും പരിപോഷിപ്പിക്കാനും സൂക്ഷമമായ കഴിവുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles