ആലപ്പുഴ : 70-ാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന്. രാവിലെ 11 മണിയ്ക്കാണ് മത്സരങ്ങൾ ആരംഭിക്കുക. ആലപ്പുഴ പുന്നമടക്കായലിലെ ജലപൂരം ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. നെഹ്റു പ്രതിമയിലെ പുഷ്പ്പാര്‍ച്ചനയോടെ ഉദ്ഘാടന പരിപാടികള്‍ ആരംഭിക്കും. മന്ത്രി പി പ്രസാദ് അധ്യക്ഷത വഹിക്കും. മൽസരങ്ങളുടെ ഫ്‌ളാഗ് ഓഫ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും. മന്ത്രി വി.എന്‍ വാസവന്‍ മാസ്ഡ്രില്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. എംപിമാരായ കെ സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരും ജില്ലയിലെ എംഎൽഎമാരും പങ്കെടുക്കും.
പ്രധാന ആകർഷണമായ ചുണ്ടൻ വള്ളങ്ങളുടെ മത്സരം ഉച്ചയ്ക്ക് രണ്ട് മണി മുതലാണ്. വൈകീട്ട് 5:30ന് പൂർത്തിയാകുന്ന രീതിയിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. വള്ളംകളി പ്രമാണിച്ച് ആലപ്പുഴ ജില്ലയിലെ അഞ്ച് താലൂക്കുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
19 ചുണ്ടന്‍ വള്ളങ്ങളടക്കം 74 വള്ളങ്ങളാണ് 2024ലെ നെഹ്രു ട്രോഫി വള്ളംകളിയിൽ പങ്കെടുക്കുന്നത്. നെഹ്റു ട്രോഫിയിൽ മുത്തമിടുന്നത് ആരെന്നറിയാനുള്ള കാത്തിരിപ്പിലാണ് വള്ളംകളി പ്രേമികൾ. വയനാട് ദുരന്ത പശ്ചാത്തലത്തിൽ മാറ്റിവെച്ച വള്ളംകളി ഒരുമാസത്തെ കാത്തിരിപ്പിനൊടുവിലാണ് ആരംഭിക്കുന്നത്.

