തളിപ്പറമ്പ്: ജനങ്ങളെ ഭീഷണിപ്പെടുത്തിയാണോ റോഡിന് സ്ഥലം ഏറ്റെടുക്കേണ്ടത്? ജനങ്ങളെ ബോധവല്‍ക്കരിച്ചും വിശ്വാസത്തിലെടുത്തും പരസ്പരസഹകരണത്തോടെയുമല്ലെ ഇത് ചെയ്യേണ്ടത്. പക്ഷെ തളിപ്പറമ്പ്-കൂവേരി മേഖലയില്‍ കാര്യങ്ങള്‍ തീര്‍ത്തും പ്രാകൃതമായ രീതിയിലാണ്. സി പി എം ഗുണ്ടകളെ ഇറക്കിവിട്ടാണ് ഇവിടെ തീരദേശ റോഡിനായി സ്ഥലം ഏറ്റെടുക്കുന്നത്. ഇതിന് ഒത്താശ ചെയ്യുന്നത് തളിപ്പറമ്പ് മണ്ഡലം എം എല്‍ എ ജെയിംസ് മാത്യു ആണെന്നാണ് മുഖ്യ ആക്ഷേപം.
വികസനത്തിന്‍റെ വക്താവായാണ് തളിപ്പറമ്പ് മണ്ഡലത്തിലെ സി പി എം എം എല്‍ എ ജെയിംസ് മാത്യുവിനെ അണികള്‍ വാഴ്ത്തിപ്പാടുന്നത്. എന്നാല്‍ യാഥാര്‍ത്ഥ്യം അങ്ങനെയല്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ തെളിയിക്കുന്നത്. വഞ്ചനാ രാഷ്ട്രീയത്തിന്‍റെ അപ്പോസ്തലനാണ് തളിപ്പറമ്പ് എം എല്‍ എ എന്നാണ് ഉയരുന്ന മുഖ്യ വിമര്‍ശനം. കൂവേരി-കാട്ടാമ്പള്ളി-തടിക്കടവ് തീരദേശ റോഡിന്‍റെ സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ടാണ് തളിപ്പറമ്പ് എം എല്‍ എയ്ക്ക് എതിരെ വ്യാപകമായ ആക്ഷേപം ഉള്ളത്. ഭൂ ഉടമകളെ പരിഹസിക്കും വിധത്തിലുള്ള സ്ഥലം ഏറ്റെടുക്കലിന് ചുക്കാന്‍ പിടിച്ചത് ജെയിംസ് മാത്യു എം എല്‍ എ ആയിരുന്നുവെന്നാണ് മുഖ്യ വിമര്‍ശനം.
ഭൂ ഉടമകളോട് ആലോചിക്കാതെയായിരുന്നു ആദ്യം 10 മീറ്റര്‍ വീതിയിലും തുടര്‍ന്ന് 12 മീറ്റര്‍ വീതിയിലും ആയി സ്ഥലം ഏറ്റെടുപ്പ്. 12 മീറ്റര്‍ വീതിയിലുള്ള സ്ഥലം ഏറ്റെടുക്കലിന് മാത്രമേ കിഫ്ബി ഫണ്ട് ലഭിക്കുകയുള്ളൂവെന്ന കാരണം പറഞ്ഞായിരുന്നു ഭൂ ഉടമകളെ അറിയിക്കുക കൂടി ചെയ്യാതെയുള്ള ഏറ്റെടുക്കലെന്നാണ് ന്യായീകരണം. ജെയിംസ് മാത്യു എം എല്‍ എയുടെ നേതൃത്വത്തില്‍ യു ഡി എഫ് നേതൃത്വത്തിലുള്ള ചപ്പാരപ്പടവ് പഞ്ചായത്ത് ഭരണസമിതിയും പി ഡബ്ല്യു ഡിയും സി പി എം പ്രാദേശിക നേതൃത്വവും ചേര്‍ന്നാണ് ഇതിന് തിരക്കഥ തയ്യാറാക്കിയതെന്നാണ് ആക്ഷേപം. ഇതിനെതിരെ ഭൂ ഉടമകള്‍ പ്രതിഷേധത്തിലാണ്. സി പി എമ്മിന് മൃഗീയ ഭൂരിപക്ഷമുള്ള തളിപ്പറമ്പ് മണ്ഡലത്തില്‍ ഞങ്ങള്‍ പറയുന്നത് ജനങ്ങള്‍ മിണ്ടാതെ അനുസരിക്കുകയെന്ന നിലപാടാണ് ജെയിംസ് മാത്യു എം എല്‍ എയ്ക്ക്.തന്നെ വിജയിപ്പിച്ച മണ്ഡലത്തിലെ വോട്ടര്‍മാരെ പോലും ഇളിഭ്യരാക്കുന്ന രീതിയിലുള്ള നിലപാടാണ് എം എല്‍ എയുടേതെന്നും ആക്ഷേപമുണ്ട്.ഭൂ ഉടമകളെ നിശബ്ദരാക്കാനുള്ള സി പി എം ഗുണ്ടകളുടെ വിളയാട്ടവും എം എല്‍ എയുടെ മൗനസമ്മതത്തോടെയാണെന്നും ആരോപണമുണ്ട്.
അശാസ്ത്രീയമായ സ്ഥലം ഏറ്റെടുക്കലിനെ ചോദ്യം ചെയ്ത ഭൂ ഉടമകളെ ഗുണ്ടകള്‍ പരസ്യമായി അധിക്ഷേപിക്കുകയും കയ്യേറ്റശ്രമം നടത്തുകയും ചെയ്തെന്നും ആരോപണമുണ്ട്.പരസ്യമായി വിലയില്ലാത്ത ആളുകളായി ഭൂ ഉടമകളെ ചിത്രീകരിക്കുക കൂടിയാണ് ഇത്തരം പ്രവൃത്തികളിലൂടെ ചെയ്യുന്നതെന്നും പരാതി ഉണ്ട്.
തീരദേശ റോഡിന് സൗജന്യമായി സ്ഥലം ഏറ്റെടുക്കുമ്പോള്‍ വോളണ്ടറി സറണ്ടറാണ് നടക്കേണ്ടത്. നിര്‍മിതകള്‍ മാറ്റി സ്ഥാപിക്കാന്‍ വ്യവസ്ഥയുണ്ട്. പക്ഷെ ചോദ്യങ്ങള്‍ ഉന്നയിച്ച ഭൂ ഉടമകള്‍ക്ക് അധികൃതര്‍ നല്‍കിയ മറുപടി ഇങ്ങനെയാണ്. ഇപ്പോള്‍ അലോട്ട്മെന്‍റ് ഇല്ല. പിന്നീട് ചെയ്യാന്‍ നോക്കാം. അത്യാവശ്യത്തിന് ഉള്ളത് ചെയ്യാം. കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ എന്തൊക്കെ ചെയ്യണമെന്ന് തീരുമാനിക്കാതെ ഭൂ ഉടമകളെ വിഡ്ഢികളാക്കാനുള്ള തന്ത്രമാണോ ഇതെന്ന് ആരെങ്കിലും സംശയം പ്രകടിപ്പിച്ചാല്‍ അവരെ കുറ്റം പറയാനാകില്ല. പക്ഷെ അധികൃതര്‍ പറയാതെ പറഞ്ഞ ഒരു കാര്യമുണ്ട്. സ്ഥലം ഏറ്റെടുക്കലിന്‍റെ ഭാഗമായി നിര്‍മിതികള്‍ നഷ്ടപ്പെടുന്നതുമൂലം പരാതി ഉള്ളവര്‍ എല്ലാം ജെയിംസ് മാത്യു എം എല്‍ എയേയോ ലോക്കല്‍ സെക്രട്ടറിയേയോ സമീപിക്കണം.ഇതാണ് അതിന്‍റെ വ്യവസ്ഥ.
സി പി എമ്മിന്‍റെ അടിമുടി നിയന്ത്രണത്തിലുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടിംഗ് സൊസൈറ്റിക്കാണ് തീരദേശ റോഡിന്‍റെ നിര്‍മാണ ചുമതല. 18 കിലോമീറ്റര്‍ ദൂരം വരുന്ന തീരദേശ റോഡിലെ ഒരു കിലോമീറ്റര്‍ പ്രവൃത്തിക്ക് നാല് കോടി രൂപ കണക്കാക്കിയാണ് ടെന്‍ഡര്‍ വിളിച്ചത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടിംഗ് സൊസൈറ്റിക്ക് കരാര്‍ നല്‍കിയതിന് പിന്നിലുള്ള ഒത്തുകളിയെ കുറിച്ചും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പൂവം മുതല്‍ കാട്ടാമ്പള്ളി വരെ റോഡിന് 8 മീറ്റര്‍ വീതി മാത്രമേ ഉള്ളൂ. ചപ്പാരപ്പടവില്‍ ഇത് 10 മീറ്ററാണ്. കൂവേരി ഭാഗത്ത് ഇത് 12 മീറ്ററാക്കാനാണ് ജെയിംസ് മാത്യു എം എല്‍ എയുടെ നേതൃത്വത്തിലുള്ള ശ്രമം. തുടക്കം മുതല്‍ ഒടുക്കം വരെ 10 മീറ്റര്‍ വീതിയില്‍ റോഡ‍് നിര്‍മിക്കുന്നതിന് ഭൂമി വിട്ടുതരാന്‍ പൂര്‍ണ യോജിപ്പാണുള്ളതെന്ന് ഭൂ ഉടമകള്‍ വ്യക്തമാക്കിയിട്ടുണ്ട്. സൗജന്യമായി വിട്ടുനല്‍കുന്ന സ്ഥലത്ത് നിര്‍മിതികള്‍ പുനര്‍നിര്‍മിക്കുകയോ ഇതിന് വേണ്ട ചെലവ് കണക്കാക്കി അതാത് ഭൂ ഉടമകളെ ഏല്‍പിച്ചതിന് ശേഷം മാത്രമേ പണി തുടങ്ങാന്‍ പാടുള്ളൂവെന്നും പ്രൊഫസര്‍ പി ലക്ഷ്മണന്‍ ചെയര്‍മാനായ ഭൂ ഉടമകളുടെ സ്വതന്ത്ര കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്ത പക്ഷം കോടതിയെ സമീപിക്കാനാണ് തീരുമാനം. ഈ തീരുമാനം അടങ്ങിയ നിവേദനം പി ഡബ്ല്യു ഡിക്കും ചപ്പാരപ്പടവ് പഞ്ചായത്ത് അധികൃതര്‍ക്കും ഭൂവുടമകളുടെ കമ്മിറ്റി കൈമാറിയിട്ടുണ്ട്.
വികസനത്തിന്‍റെ വക്താവായി പാര്‍ട്ടി അണികള്‍ വാഴ്ത്തുന്ന ജെയിംസ് മാത്യു എം എല്‍ എ വികസനത്തിന് സ്ഥലം വിട്ടുകൊടുക്കുന്നവരെ അങ്ങേയറ്റം ബുദ്ധിമുട്ടിക്കുകയല്ലേ എന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. തീരദേശ റോഡിന് സ്ഥലം ഏറ്റെടുക്കുന്നതിന്‍റെ ഭാഗമായി സി പി എം കുടുംബങ്ങളിലുള്ളവര്‍ ഉള്‍പ്പെടെ അനവധി പേര്‍ക്കാണ് നഷ്ടം സംഭവിക്കുക. കൂവേരി മേഖലയെ കീഴാറ്റൂരാക്കാനാണോ ലോക്കല്‍ ഗുണ്ടകളെ ഇറക്കിവിട്ട് സി പി എമ്മിന്‍റെ ശ്രമമെന്നാണ് ഇപ്പോള്‍ ഉയരുന്ന പ്രധാന ചോദ്യം.

