ദില്ലി : ജമ്മുകശ്മീരിലെയും , ഹരിയാനയിലെയും നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. ജമ്മു കശ്മീരിൽ മൂന്ന് ഘട്ടമായിട്ടും ഹരിയാനയിൽ ഒറ്റഘട്ടമായിട്ടുമാകും വോട്ടെടുപ്പ് നടക്കുക. ജമ്മുകശ്മീരിൽ ആദ്യഘട്ടം സെപ്‍റ്റംബർ 18-നും രണ്ടാഘട്ടം സെപ്‍റ്റംബർ 25-നും മൂന്നാം ഘട്ടം ഒക്ടോബർ ഒന്നിനും നടക്കും. ഹരിയാന ഒക്ടോബർ ഒന്നിന് വോട്ടെടുപ്പ് നടക്കും. ഒക്ടോബർ നാലിനാണ് ഇരു സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ.
പത്തു വർഷങ്ങൾക്ക് ശേഷമാണ് ജമ്മുകശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ജമ്മുകശ്മീര്‍ വിഭജിച്ച് ലഡാക്ക് കേന്ദ്രഭരണപ്രദേശമാക്കിയ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് കൂടിയാണിത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെയാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നഷ്ടമായത്. അതിന് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ ജനഹിതം എങ്ങനെയാകും എന്നാണ് രാഷ്ട്രീയ നിരീക്ഷരും ഉറ്റുനോക്കുന്നത് ജമ്മുവിൽ ബാലറ്റ് വഴിയാവും തിരഞ്ഞെടുപ്പ്. എല്ലാ വിഭാഗത്തിനും വോട്ടവകാശമുണ്ട്. കുടിയേറിയവർക്കും വോട്ട് രേഖപ്പെടുത്താമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവ് കുമാർ വ്യക്തമാക്കി. 11,838 പോളിങ് ബൂത്തുകളാണുള്ളത്. ഓരോ ബൂത്തിലും 735 വോട്ടർമാരാണുള്ളത്.
അതേസമയം ഝാർഖണ്ഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികളും കേരളം അടക്കമുള്ള ഉപതിരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിച്ചിട്ടില്ല.

