ലഹോർ : പാകിസ്ഥാനിലെ ലാഹോറിൽ പാക് നിലപാടുകൾക്കെതിരെ തുറന്നടിച്ച് പ്രശസ്ത ഇന്ത്യൻ ഗാനരചയിതാവും തിരകഥാകൃത്തുമായ ജാവേദ് അക്തർ. വിഖ്യാത ഉർദു കവിയായ ഫൈസ് അഹമ്മദ് ഫൈസിന്റെ സ്മരണാർത്ഥം ലഹോറിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കവെയാണ് ജാവേദ് അക്തർ പാകിസ്ഥാനെ രൂക്ഷഭാഷയിൽ വിമർശിച്ചത്. മുംബൈ ആക്രമണത്തിന്റെ മുറിവ് ഇന്നും ഇന്ത്യക്കാർ നെഞ്ചിൽ പേറുകയുയാണെന്നും അതിനാൽ ഇന്ത്യക്കാർ ക്ഷോഭിക്കുന്നതിൽ പാകിസ്ഥാന് ഒരിക്കലും കുറ്റംപറയാൻ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.
‘നിങ്ങൾ നിരവധി തവണ പാകിസ്ഥാൻ സന്ദർശിച്ചിട്ടുണ്ട്. നിങ്ങൾ തിരികെ ചെല്ലുമ്പോള്‍ ഇവിടെയുള്ളവരൊക്കെ നല്ല ആളുകളാണെന്നും അവർ ബോംബെറിയുക മാത്രമല്ല നമ്മളെ സ്നേഹവും പൂമാലകളും കൊണ്ട് സ്വീകരിക്കുമെന്നും പറയുമോ?’ എന്ന് അവതാരകൻ ചോദ്യമുന്നയിച്ചതാണ് സംഭവങ്ങളുടെ തുടക്കം.
‘നമ്മൾ പരസ്പരം പഴിചാരരുത്. അതിലൂടെ ഒരു പ്രശ്നവും പരിഹരിക്കപ്പെടില്ല;. മുംബൈയിൽ നിന്നുള്ള ഞങ്ങൾ, അവിടെ വലിയൊരു ആക്രമണത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അക്രമികൾ നോർവേയിൽനിന്നോ ഈജിപ്തിൽനിന്നോ വന്നവരല്ല. അവർ വളരെ സ്വതന്ത്രമായി നിങ്ങളുടെ രാജ്യത്ത് വിഹരിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഒരു ഇന്ത്യക്കാരൻ ഇതിൽ പരാതി പറഞ്ഞാൽ, നിങ്ങൾ അസ്വസ്ഥരാകേണ്ടതില്ല. അവരുടെ മനസ്സിൽ എന്തെങ്കിലും ദേഷ്യമുണ്ടെങ്കിൽ അതിനെ കുറ്റപ്പെടുത്താനുമാകില്ല.
ഫൈസ് സാഹിബ് ഇന്ത്യ സന്ദർശിച്ചപ്പോൾ അദ്ദേഹത്തെ വിശിഷ്ട അതിഥിയായാണ് സ്വീകരിച്ചത്. അത് എല്ലായിടത്തും പ്രക്ഷേപണവും ചെയ്തു. നസ്രത്ത് ഫത്തേ അലിഖാന്റെയും മെഹ്ദി ഹസന്റെയും പരിപാടികൾക്ക് ഇന്ത്യ വേദിയായിട്ടുണ്ട്. മെഹ്ദി ഹസൻ ഇന്ത്യക്കാരുടെ ഒരു ആരാധനാപാത്രമായിരുന്നു. അദ്ദേഹം ഇന്ത്യ സന്ദർശിച്ചപ്പോൾ ഷബാന അസ്മിയാണ് അതിന് ആഥിതേയത്വം വഹിച്ചത്. ലതാ മങ്കേഷ്കറും ആശാ ബോസ്‌ലെയും പോലുള്ളവരുടെ സാന്നിധ്യം കൊണ്ട് ഗംഭീരമായ ആ ചടങ്ങിനു വേണ്ടി ഞാൻ എഴുതിയിട്ടുണ്ട്. നിങ്ങൾ ഒരിക്കൽ പോലും ലതാ മങ്കേഷ്കറിനായി ഒരു പരിപാടി സംഘടിപ്പിച്ചിട്ടില്ല. ആശയവിനിമയം ഇല്ലാതായതിൽ ഇരു രാജ്യങ്ങൾക്കും പങ്കുണ്ട്. എന്നാൽ കൂടുതലും പാകിസ്ഥാന്റെ ഭാഗത്തുനിന്നാണ് ’– ജാവേദ് അക്തർ മറുപടി പറഞ്ഞു.
അതേസമയം ജാവേദ് അക്തറിന്റെ വാക്കുകൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ അതിവേഗം പ്രചരിക്കുകയാണ്. ഒത്തിരിയാളുകൾ അദ്ദേത്തിനു പിന്തുണ പ്രഖ്യാപിച്ചു കമന്റുകൾ പോസ്റ്റ് ചെയ്തു കഴിഞ്ഞു

