Wednesday, December 31, 2025

ഇടതുമുന്നണിയെ തോൽപ്പിച്ചത് വിശ്വാസികൾ തന്നെ; സിപിഎമ്മിനെ തള്ളി ജെഡിഎസ്

കോട്ടയം: തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി പരാജയപ്പെടാന്‍ ഒരു കാരണം ശബരിമലയാണെന്ന് ജനതാദള്‍ എസ് ജനറല്‍ സെക്രട്ടറി ജോര്‍ജ് ജോസഫ് പറഞ്ഞു. ഇടതുമുന്നണിയില്‍ കൂടിയാലോചനകള്‍ കുറവാണെന്നും അദ്ദേഹം പറഞ്ഞു. മുന്‍കരുതലോടെയാണ് നിലപാട് എടുക്കേണ്ടിയിരുന്നതെന്ന് വ്യക്തമാക്കി സ‍ര്‍ക്കാര്‍ പ്രതിപക്ഷത്തിന് ആയുധം കൊടുത്തുവെന്നും ജെ.ഡി.എസ് സൂചിപ്പിക്കുന്നു.

ഏകപക്ഷീയമായ തീരുമാനങ്ങളാണ് ഇടതുമുന്നണിയില്‍ നടക്കുന്നതെന്ന ആക്ഷേപമാണ് ജെ.ഡി.എസിനുള്ളത്. മുന്നണിയില്‍ ഘടകക്ഷികളെ ഉള്‍പ്പെടുത്തിയതടക്കമുള്ള വിഷയങ്ങളില്‍ സി.പി.എമ്മും സി.പി.ഐയും ചേര്‍ന്ന് ഒറ്റക്ക് തീരുമാനങ്ങളെടുക്കുന്നുവെന്നാണ് ജെ.ഡി.എസിന്റ പരാതി.

അതേസമയം,​ ശബരിമല ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ സംസ്ഥാനത്ത് ഇടതുമുന്നണിയുടെ അടിസ്ഥാന ഹിന്ദു വോട്ടുകളില്‍ വന്‍ ചോര്‍ച്ചയുണ്ടായെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം പറ‌ഞ്ഞിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ടു മുതല്‍ അഞ്ച് ശതമാനംവരെ വോട്ട് ചോര്‍ച്ച സംഭവിച്ചിട്ടുണ്ട്. എന്നാല്‍, ഇക്കുറി അത് ഇരട്ടിയിലധികമായി. ഇത് ശബരിമല നിലപാട് കൊണ്ട് മാത്രം സംഭവിച്ചതാണെന്ന് കരുതാനാവില്ല.

ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകില്ല. നവോത്ഥാന മൂല്യ സംരക്ഷണത്തിനായി നിലകൊള്ളുമെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ പിന്തുണയ്ക്കുന്നു. ശബരിമല പ്രശ്നത്തില്‍ കൂട്ടായ തീരുമാനമാണ് മുന്നണിയെടുത്തത്. സര്‍ക്കാര്‍ നടപടി ജനങ്ങളെ ബോധിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വോട്ടര്‍മാരുടെ വൈകാരികമായ സമീപനത്തെ മറികടക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles