Wednesday, May 15, 2024
spot_img

സൈന്യത്തിന് കരുത്തുപകരാൻ പ്രതിരോധ മന്ത്രി നാളെ സിയാച്ചിൻ സന്ദർശിക്കും

ദില്ലി : പ്രതിരോധമന്ത്രി രാജ്‍നാഥ് സിങ് നാളെ ജമ്മു കശ്മീരിലെ സിയാച്ചിൻ സന്ദര്‍ശിക്കും. കരസേനാ മേധാവി ബിപിൻ റാവത്തും മന്ത്രിയെ അനുഗമിക്കും. മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തുകയാണ് സന്ദര്‍ശനത്തിന്‍റെ പ്രധാന ലക്ഷ്യം. പ്രതിരോധ മന്ത്രിയായി സ്ഥാനമേറ്റെടുത്ത ശേഷം രാജ്നാഥ് സിങ് രാജ്യതലസ്ഥാനത്തിനു പുറത്ത് നടത്തുന്ന ആദ്യ സന്ദർശനമാണ് ഇത്.

സിയാച്ചിനിലെ ജവാന്മാരുമായി പ്രതിരോധമന്ത്രി കൂടിക്കാഴ്ച നടത്തും.
കൂടിക്കാഴ്ചയിൽ കരസേനയും വായുസേനയും തങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് മന്ത്രിയോട് വിശദീകരിക്കും. കഴിഞ്ഞ വര്‍ഷം രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമൻ എന്നിവരും സിയാച്ചിൻ സന്ദര്‍ശിച്ചിരുന്നു.

ഇന്ത്യ–പാക്കിസ്ഥാൻ നിയന്ത്രണ രേഖയിൽ സമുദ്രനിരപ്പിൽ നിന്ന് 18,000 അടി ഉയരത്തിലാണ് സിയാച്ചിൻ സ്ഥിതിചെയ്യുന്നത്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള സൈനിക ക്യാമ്പാണ് ഇവിടെയുള്ളത് . ശൈത്യകാലത്ത് ഇവിടുത്തെ അന്തരീക്ഷ താപം -70 ഡിഗ്രി വരെ താഴും. 1984 ൽ ബേസ് ക്യാമ്പ് സ്ഥാപിച്ച ശേഷം ഏകദേശം 11,000 സൈനികര്‍ ഇവിടെ വീരമൃത്യു വരിച്ചിട്ടുണ്ട്.

Related Articles

Latest Articles