ബംഗളൂരു: തെരഞ്ഞെടുപ്പിന് ശേഷവും കർണ്ണാടക രാഷ്ട്രീയത്തിന് ചൂടേറുന്നു. മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജെ ഡി എസ് ബിജെപി മുന്നണിയായ എൻ ഡി എ യിലേക്കെന്ന് സൂചന. പ്രാദേശിക തലത്തിൽ സഖ്യചർച്ചകൾ പൂർത്തിയായതായും ബിജെപി കേന്ദ്ര നേതൃത്വവുമായി ഉടൻ ചർച്ച നടക്കുമെന്നുമാണ് സൂചന. ദേവഗൗഡയുടെ മകൻ എച്ച് ഡി കുമാര സ്വാമിയാണ് ഇപ്പോൾ ജെ ഡി എസിന് നേതൃത്വം നൽകുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായിരുന്ന ബിജെപിയെ പരാജയപ്പെടുത്തി കോൺഗ്രസ് അധികാരത്തിൽ വന്നിരുന്നു. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇരു കക്ഷികളുടെയും നിലപാട് പ്രാധാന്യമുള്ളതാണ്. നേരത്തെ പ്രതിപക്ഷം വിട്ടുനിന്നപ്പോഴും പുതിയ പാർലമെന്റ് മന്ദിരം രാഷ്ട്രത്തിനു സമർപ്പിക്കുന്ന ചടങ്ങിൽ ജെ ഡി എസ് നേതാവും മുൻ പ്രധാനമന്ത്രിയുമായിരുന്ന ദേവഗൗഡ പങ്കെടുത്തിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 224 അംഗ സഭയിലേക്ക് 136 അംഗങ്ങളുടെ പിന്തുണയോടെ കോൺഗ്രസ് അധികാരത്തിൽ വന്നിരുന്നു. ബിജെപി 66 സീറ്റുകൾ നേടിയപ്പോൾ ജെ ഡി എസ് 19 സീറ്റുകളിലൊതുങ്ങി. ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിൽ നിൽക്കെ പുതിയ രാഷ്ട്രീയ നീക്കം ബിജെപിയെ സംബന്ധിച്ചിടത്തോളം പ്രസക്തമാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 28 ൽ 25 മണ്ഡലങ്ങളിലും ബിജെപി വിജയം നേടിയിരുന്നു. ഇത് ആവർത്തിക്കാനുള്ള ശ്രമത്തിലാണ് ബിജെപി.

