തിരുവനന്തപുരം: ഉച്ചക്കടയിലെ എടിഎം കൗണ്ടറില്‍ കയറി ടിവി ക്യാമറയും ഡി.വി.ആറും മോഡവും പിന്നാലെ തടിക്കടയിലെ മേശയില്‍ സൂക്ഷിച്ചിരുന്ന 5500 രൂപയും മോഷ്ടിച്ച് കടന്നുകളഞ്ഞ അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. ജാര്‍ഖണ്ഡ് സഹേബ് ഗഞ്ചി ജില്ലയില്‍ പൂര്‍വാര്‍ഡില്‍ ബിഷ്ണു മണ്ഡല്‍(33) ആണ്
ബാലരാമപുരം പോലീസിന്റെ പിടിയിലായത്. പ്രതി ഉച്ചക്കടയിലെ ഒരു അന്യസംസ്ഥാന തൊഴിലാളി കേന്ദ്രത്തിലെ അന്തേവാസിയാണെന്ന് പോലീസ് പറഞ്ഞു.
ഇക്കഴിഞ്ഞ നാലിന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു മോഷണം നടന്നത്. ഉച്ചക്കടയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഡ്യ ഒണ്‍ എന്ന എ.ടി.എം കൗണ്ടറിനുള്ളില്‍ കയറിയ പ്രതി ഇവിടെ ഉണ്ടായിരുന്ന നിരീക്ഷണ ക്യാമറ, ഡി.വി.ആര്‍, മോഡം എന്നിവ മോഷ്ടിച്ചു പുറത്തിറങ്ങി. പിന്നാലെ ഉച്ചക്കടയിലെ തടിക്കടയില്‍ മേശയില്‍ സൂക്ഷിച്ചിരുന്ന 5500 രൂപയും മോഷ്ടിച്ച ശേഷം കടന്നു കളയുകയായിരുന്നു. കള്ളന്‍ ഓടി മറയുന്ന ദൃശ്യങ്ങള്‍ കടയിലെ സിസിടിവിയിൽ തെളിഞ്ഞിരുന്നു. തുടര്‍ന്ന് കടയുടമ ഉച്ചക്കട മുള്ളുവിള വീട്ടില്‍ ചന്ദ്രന്റെ പരാതിയെ തുടര്‍ന്ന് ബാലരാമപുരം പോലീസ് കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ലഭിച്ച തെളിവിനെ തുടര്‍ന്നാണ് പ്രതി അന്യസംസ്ഥാന തൊഴിലാളികളുടെ കേന്ദ്രത്തിലെ താമസക്കാരനാണെന്ന് സ്ഥിരീകരിച്ചത്.

