Sunday, November 22, 2026

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ്: അറസ്റ്റിലായ എം.സി.കമറുദ്ദീൻ എംഎൽഎയുടെ കൂട്ടുപ്രതി പൂക്കോയ തങ്ങൾ ഒളിവിൽ; തങ്ങളെ പഴിചാരി കമറുദ്ദീൻ

കാസ‍ർകോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പിൽ എം.സി.കമറുദ്ദീൻ എംഎൽഎയുടെ കൂട്ടുപ്രതി പൂക്കോയ തങ്ങൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഇന്നലെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യലിന് ഹാജരാകാൻ വിളിപ്പിച്ചെങ്കിലും പൂക്കോയ തങ്ങൾ എത്തിയിരുന്നില്ല. അറസ്റ്റ് ഭയന്ന് പൂക്കോയ തങ്ങൾ ഒളിവിൽ പോയെന്നാണ് വിവരം.

അതേ സമയം കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുന്ന കമറുദ്ദീൻ എംഎൽഎയുടെ ജാമ്യഹർജി കാഞ്ഞങ്ങാട് ജില്ലാ കോടതി നാളെ പരിഗണിക്കും. ഐപിസി 420, 406, 409 വകുപ്പുകൾ പ്രകാരമാണ് കമറുദ്ദീനെതിരെ കേസെടുത്തത് എന്നാണ് പൊലീസിൻ്റെ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

നിക്ഷേപകരുടെ സ്വത്ത് ദുരുപയോഗം ചെയ്തതിനും പൊതു പ്രവർത്തകനെന്ന നിലയിൽ ക്രിമിനൽ വിശ്വാസ വഞ്ചന നടത്തിയതിനുമാണ് 406,409 വകുപ്പുകൾ ചുമത്തിയിരിക്കുന്നത്. നിക്ഷേപകരുടെ പണം കൊണ്ട് പ്രതികൾ ബംഗളൂരുവിൽ സ്വകാര്യ ഭൂമി വാങ്ങിയെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

നിക്ഷേപമായി കമ്പനിയിലെത്തിയ പണം പ്രതികൾ ദുരുപയോഗം ചെയ്തു. നിയമവിരുദ്ധമായുള്ള സ്വകാര്യ സ്വത്ത് സമ്പാദനമാണ് എംഎൽഎ നടത്തിയതെന്നും ബെംഗളൂരുവിലെ ഭൂമി വിവരങ്ങൾ കമ്പനിയുടെ ആസ്തി രേഖയിൽ ഇല്ലെന്നും ഇതു വഞ്ചനയുടെ പ്രധാന തെളിവാണെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

Related Articles

Latest Articles