Saturday, May 18, 2024
spot_img

ജെഎൻ.1 കോവിഡ് വകഭേദം !സംസ്ഥാനങ്ങൾക്ക് ജാഗ്രതാനിർദേശം നൽകി കേന്ദ്ര സർക്കാർ

ദില്ലി : ആഗോളതലത്തിൽ അതിവേഗം പടരുന്ന കോവിഡിന്റെ പുതിയ വകഭേദമായ ജെഎന്‍.1 കേരളത്തിൽ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിൽ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രസർക്കാർ ജാഗ്രതാനിര്‍ദേശം നൽകി. ക്രിസ്മസ് നവവത്സരം ഉൾപ്പെടെയുള്ള ഉത്സവകാലം അടുത്തിരിക്കെ നിരന്തര നിരീക്ഷണം ആവശ്യമാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി സുധാംശു പന്ത് സംസ്ഥാനങ്ങള്‍ക്കയച്ച കത്തില്‍ സൂചിപ്പിച്ചിരിക്കുന്നു.

നിരീക്ഷണവും പരിശോധനയും ഊര്‍ജിതമാക്കണം.ശ്വാസകോശ അണുബാധ, ഫ്‌ളൂ എന്നിവയുടെ ജില്ലാതല കണക്കുകള്‍ കേന്ദ്രത്തിന് നല്‍കണം. മാസ്‌ക്, സാമൂഹിക അകലം പാലിക്കല്‍, ആള്‍ക്കൂട്ടം ഒഴിവാക്കല്‍ എന്നീ പ്രതിരോധമാര്‍ഗങ്ങള്‍ അവലംബിക്കണമെന്നും കത്തില്‍ നിര്‍ദേശിക്കുന്നു.

മറ്റന്നാൾ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അവലോകനയോഗം വിളിച്ചിട്ടുണ്ട്. മന്ത്രിമാര്‍, ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, കേന്ദ്രമന്ത്രിമാര്‍, മന്ത്രാലയം പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ആരോഗ്യസംവിധാനങ്ങളുടെ തയ്യാറെടുപ്പുകളും ശ്വാസകോശസംബന്ധ അസുഖങ്ങളുടെ വര്‍ധനവും യോഗത്തിൽ ചർച്ചയാകും എന്നാണ് കരുതുന്നത്.

നേരത്തെ മുതിർന്ന പൗരന്മാരും അസുഖബാധിതരും മാസ്‌ക് ധരിക്കണമെന്ന് കർണാടക ആരോഗ്യവകുപ്പ് സംസ്ഥാനത്ത് നിർദേശം നൽകിയിരുന്നു. കേരളവുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലെ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും കർണാടക ആരോഗ്യ കുടുംബക്ഷേമ മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞിരുന്നു. 1828 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. കേരളത്തിൽ ഒരു മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്തു. രാജ്യത്ത് ഇതുവരെ 4.46 കോടിയാളുകളാണ് രോഗമുക്തി നേടിയത്. ഇത് ആകെ രോഗബാധിതരുടെ 98.81 ശതമാനം വരും. 5.3 ലക്ഷം പേരുടെ ജീവൻ വൈറസ് കവർന്നു.

Related Articles

Latest Articles