കോട്ടയം: ആവശ്യപ്പെട്ടാല്‍ ബിജെപിക്കായി തൃക്കാക്കരയില്‍ പ്രചരണത്തിനിറങ്ങുമെന്ന് പി സി ജോര്‍ജ്. തനിക്ക് ബന്ധമുള്ള ഏക പാര്‍ട്ടി ബിജെപിയാണെന്നും പി സി ജോര്‍ജ് വ്യക്തമാക്കി. തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായുള്ള ബന്ധത്തെക്കുറിച്ച് ഉയരുന്ന വിവാദങ്ങള്‍ക്കിടെയാണ് പിസിയുടെ മറുപടി. തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായി ബന്ധമില്ലെന്ന് പി സി ജോര്‍ജ് പറയുകയും ചെയ്തു.
പൂഞ്ഞാറുകാരനെന്ന നിലയിലാണ് ജോ ജോസഫുമായി ബന്ധമെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കരയില്‍ സിപിഐഎം ടിക്കറ്റില്‍ മത്സരിക്കുന്ന ജോ ജോസഫ് സമുദായത്തിന്റെ സ്ഥാനാര്‍ത്ഥിയല്ല മറിച്ച് പി സി ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിയാണെന്ന വിമര്‍ശനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കളാണ് ഉന്നയിച്ചത്.
അതേസമയം, തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. എറണാകുളം കളക്ടറേറ്റില്‍ വരണാധികാരി പഞ്ചായത്ത് വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് മുമ്പാകെയാണ് ഇരുവരും പത്രിക സമര്‍പ്പിക്കുക.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ജില്ലാ യു.ഡി.എഫ് കണ്‍വീനര്‍ ഡൊമിനിക് പ്രസന്റഷന്‍, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവര്‍ ഉമാ തോമസിനൊപ്പം പത്രിക സമര്‍പ്പിക്കാന്‍ ഉണ്ടാകും. മന്ത്രി പി രാജീവ്, എം സ്വരാജ്, സി.പി.ഐ.എം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍ എന്നിവര്‍ക്കൊപ്പമാണ് ഇടതു സ്ഥാനാര്‍ഥി ജോ ജോസഫ് എത്തുക. വ്യാഴാഴ്ചയാണ് പത്രികകളുടെ സൂക്ഷമപരിശോധന.

