കൊൽക്കത്ത: ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ പശ്ചിമബംഗാളിലേക്ക്. നദ്ദയുടെ ബംഗാള്‍ സന്ദര്‍ശനം അടുത്തയാഴ്ചയോടെ ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം. സംസ്ഥാനത്തെത്തുന്ന പാര്‍ട്ടി അധ്യക്ഷന്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഈ മാസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പശ്ചിമ ബംഗാളില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനം നടത്തിയിരുന്നു. ബംഗാള്‍ പിടിച്ചെടുക്കാന്‍ ബിജെപി മുതിര്‍ന്ന നേതാക്കളെ മുന്‍നിര്‍ത്തിയാണ് ഇപ്പോഴേ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
മമതാ സര്‍ക്കാരിന്റെ ഭരണം അവസാനിപ്പിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പ്രചോദനമായാണ് ദേശീയ നേതാക്കളുടെ ബംഗാള്‍ സന്ദര്‍ശനമെന്ന് സൗമിത്ര ഖാന്‍ പറഞ്ഞു. കൂടാതെ കേന്ദ്രനേതൃത്വം ബംഗാള്‍ സന്ദര്‍ശിക്കുമ്പോള്‍ സംസ്ഥാന ഘടകത്തിലെ പ്രവര്‍ത്തകര്‍ക്ക് വലിയ ആത്മവീര്യം ലഭിക്കും. ആഭ്യന്തര മന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ക്ക് പ്രചോദനമായത്. അതിനുശേഷം അവര്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പശ്ചിമ ബംഗാളിലെ ജനങ്ങളും മമത ബാനര്‍ജിയെ നീക്കം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും നദ്ദയുടെ സന്ദര്‍ശനത്തിന് ശേഷം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ പ്രചോദനം ലഭിക്കുമെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സൗമിത്ര ഖാന്‍ പറഞ്ഞു.
‘’വരാനിരിക്കുന്ന 2024 ലെ പൊതുതെരഞ്ഞെടുപ്പിനായി നദ്ദ പാര്‍ട്ടി പ്രവര്‍ത്തകരുമായി സുപ്രധാന കൂടിക്കാഴ്ചകള്‍ നടത്തും. ജൂണ്‍ 7, 8 തീയതികളിലാകും സന്ദര്‍ശനം. 2019ലും 2021ലും പാര്‍ട്ടി പരാജയപ്പെട്ട 100 ബൂത്തുകളിലെങ്കിലും പാര്‍ട്ടിയുടെ ഓരോ എംപിയും പ്രവര്‍ത്തിക്കും. അടുത്തിടെ അര്‍ജുന്‍ സിംഗ് ഉള്‍പ്പെടെ നിരവധി ബിജെപി നേതാക്കള്‍ പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിനെ കുറിച്ചുള്ള ചോദ്യത്തിന്, നേതാക്കളുടെ ഇത്തരം നീക്കങ്ങള്‍ പാര്‍ട്ടിയെ ദുര്‍ബലമാക്കുന്നില്ല”- ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സൗമിത്ര ഖാന്‍ പറഞ്ഞു. അതേസമയം 2019ലെ തെരഞ്ഞെടുപ്പില്‍ 42 സീറ്റുകളില്‍ ബിജെപിക്ക് 19 സീറ്റുകളാണ് പശ്ചിമ ബംഗാളില്‍ ലഭിച്ചത്. 22 സീറ്റുകള്‍ നേടിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചത്.

