Wednesday, December 24, 2025

അവസാനനിമിഷം കളത്തിലെത്തി ഗോൾ ; മെസ്സിയുടെ റെക്കോഡ് സ്വന്തം പേരിലാക്കി ജൂലിയൻ അൽവാരസ്

മാഞ്ചെസ്റ്റര്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്നലെ നടന്ന രണ്ടാംപാദ സെമിയിൽ സ്പാനിഷ് വമ്പന്മാരായ തകർപ്പൻ ജയം നേടിയതോടൊപ്പം പുതിയ റെക്കോഡുമായി മാഞ്ചെസ്റ്റര്‍ സിറ്റിയുടെ അര്‍ജന്റൈന്‍ യുവതാരം ജൂലിയന്‍ അല്‍വാരസ്. സെമിഫൈനലില്‍ റയലിനെതിരെ ഗോള്‍ നേടിയതിന് പിന്നാലെയാണ് യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ അര്‍ജന്റീനക്കാരനെന്ന നേട്ടമാണ് അല്‍വാരസ് സ്വന്തം പേരിലാക്കിയത്.

റയല്‍ മഡ്രിഡിനെതിരേ ഇഞ്ചുറി ടൈമിലാണ് പകരക്കാരനായി ഗ്രൗണ്ടിലിറങ്ങിയ അല്‍വാരസ് ഗോൾ നേടിയത്. ഇതോടെ യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ അര്‍ജന്റീനക്കാരനെന്ന മെസ്സിയുടെ റെക്കോര്‍ഡ് അല്‍വാരസ് മറികടന്നത്. 2010-11 സീസണിലെ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ റയല്‍ മഡ്രിഡിനെതിരേ വലകുലുക്കുമ്പോൾ 23 വയസ്സും 10 മാസവും 3 ദിവസവുമായിരുന്നു മെസ്സിയുടെ പ്രായം. ഇന്നലെ വല കുലുക്കുമ്പോൾ 23 വയസ്സും 3 മാസവും 17 ദിവസവുമാണ് അല്‍വാരസിന്റെ പ്രായം.

ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് സിറ്റി ഇന്നലെ റയലിനെ തോൽപ്പിച്ചത്. സിറ്റിക്കായി ബെര്‍ണാഡോ സില്‍വ രണ്ട് തവണ വല കുലുക്കിയപ്പോൾ അല്‍വാരസിനു പുറമെ മാനുവല്‍ അകാന്‍ജിയും വല കുലുക്കി. ജൂണ്‍ 10-ന് രാത്രി 12.30-ന് നടക്കുന്ന ഫൈനലിൽ ഇറ്റാലിയന്‍ വമ്പന്മാരായ ഇന്റര്‍ മിലാനാണ് സിറ്റിയുടെ എതിരാളികള്‍.

Related Articles

Latest Articles