Friday, January 2, 2026

ശമ്പള പ്രതിസന്ധി; കെഎസ്ആര്‍ടിസി ജീവനക്കാരുടെ ജൂണ്‍ മാസത്തെ ശമ്പളവും വൈകും

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാർക്ക് ജൂണ്‍ മാസത്തെ ശമ്പളവും വൈകും. സര്‍ക്കാര്‍ സഹായം നല്‍കുന്ന കാര്യത്തില്‍ ഉന്നതതല ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ തീരുമാനമുണ്ടാകൂ എന്നാണ് മാനേജ്‌മെന്റ് അറിയിക്കുന്നത്. അഞ്ചാം തീയതി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണമെന്ന ഉത്തരവ് ഓഗസ്റ്റ് മുതലാണ് ബാധകമാകുകയെന്ന് മാനേജ്‌മെന്റ് പറഞ്ഞു .

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള പ്രതിസന്ധിയില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ഭരണാനുകൂല സംഘടനയായ കെഎസ്ആര്‍ടിഇഎ വ്യക്തമാക്കി. ശമ്പളത്തിനായി എല്ലാ മാസവും സമരം നടത്താന്‍ സാധിക്കില്ല. ഈ മാസം 11ന് ഹൈക്കോടതി കേസ് പരിഗണിക്കും വരെ കാത്തിരിക്കണമെന്ന നിലപാടിലാണ് ബിഎംഎസ്.

അതേസമയം ശമ്പള പ്രതിസന്ധി തുടരുന്നതിനിടെ കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാകുന്നതിനായി 11 ജില്ലാ ഓഫീസുകളുടെ പ്രവര്‍ത്തനം ജൂലൈ 18 മുതല്‍ തുടങ്ങും. ജൂണ്‍ 1 മുതല്‍ തന്നെ വയനാട്, പാലക്കാട്, കാസര്‍ഗോഡ്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. നേരത്തേ 98 ഡിപ്പോ/ വര്‍ക്ക് ഷോപ്പുകളിലായിരുന്നു ഓഫീസ് സംവിധാനം പ്രവര്‍ത്തിച്ചിരുന്നത്. സുശീല്‍ഖന്ന റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി ചെലവ് കുറയ്ക്കാനും ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ് ജില്ലാ ഓഫീസുകള്‍ തുടങ്ങാന്‍ തീരുമാനമായത്.

Related Articles

Latest Articles