Sunday, May 12, 2024
spot_img

മഴക്കെടുതി; മംഗളൂരുവിൽ മണ്ണിടിച്ചിൽ; 3 മലയാളികൾ മരിച്ചു, നിരവധിപേർക്ക് പരിക്ക്

ബെംഗളൂരു: കനത്ത മഴയെ തുടർന്ന് മംഗളൂരു ബണ്ട്വാളിൽ മണ്ണിടിഞ്ഞു വീണ് മൂന്ന് മലയാളികൾ മരിച്ചു. പാലക്കാട് സ്വദേശി ബിജു (45), ആലപ്പുഴ സ്വദേശി സന്തോഷ് (46), കോട്ടയം സ്വദേശി ബാബു (46) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ കണ്ണൂർ സ്വദേശി ജോണി, തോട്ടം ഉടമ അഖിൽ എന്നിവരെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. റബർ ടാപ്പിങ് തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.

ഇന്നലെ രാത്രി 7 മണിക്കാണ് അപകടം. ശക്തമായ മഴയെ തുടർന്ന് തീരദേശ കർണാടക ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് ഇരു ജില്ലകളിലെയും സ്കൂളുകൾക്കും കോളജുകൾക്കും ഇന്നും അവധി പ്രഖ്യാപിച്ചു. കനത്ത മഴയിൽ കർണാടകയിലെ തീരപ്രദേശങ്ങളിലും മലനാട് മേഖലയിലും ജനജീവിതം അവതാളത്തിലായി.

മഴക്കെടുതിയിൽ നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായി. വൈദ്യുത പോസ്റ്റുകൾ തകർന്നു. നദികൾ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് കൃഷിയിടങ്ങളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. കഴിഞ്ഞ ദിവസം മൂടബിദ്രി എംഐടിഇ എൻജിനീയറിങ് കോളജിന്റെ മതിൽ ഇടിഞ്ഞുവീണു 3 കാറുകൾ തകർന്നു. രക്ഷാപ്രവർത്തനങ്ങൾക്കായി എസ്ഡിആർഎഫിനെയും എൻഡിആർഎഫിനെയും വിന്യസിക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിപ്പ് നൽകി.

Related Articles

Latest Articles