കൊച്ചി: ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ (63) അന്തരിച്ചു. കാന്‍സര്‍ രോഗ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയായിരുന്നു.
കേരള ഹൈക്കോടതിയിൽ 12 വർഷത്തിലേറെ ജഡ്ജിയായിരുന്ന ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണൻ കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയാണ് വിരമിച്ചത്. മാത്രമല്ല ഛത്തീസ്ഗഡ്, തെലങ്കാന/ആന്ധ്ര ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസുമായിരുന്നു. തെലങ്കാനയ്ക്കു പ്രത്യേക ഹൈക്കോടതി രൂപീകരിച്ചപ്പോള്‍ ആദ്യ ചീഫ് ജസ്റ്റിസായും ബി.രാധാകൃഷ്ണൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1983 ല്‍ അഭിഭാഷകനായ ബി.രാധാകൃഷ്ണൻ 2004 ഒക്ടോബര്‍ 14 നാണ് കേരള ഹൈക്കോടതിയില്‍ ജഡ്ജിയായത്. രണ്ടു തവണ ആക്ടിങ് ചീഫ് ജസ്റ്റിസുമായിട്ടുണ്ട്. കൂടാതെ കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റി എക്സിക്യൂട്ടീവ് ചെയര്‍മാനായും പ്രവർത്തിച്ചു.
ഒരു ന്യായാധിപനെന്ന നിലയിൽ പൗരാവകാശങ്ങളും അടിസ്ഥാന ജനകീയപ്രശ്നങ്ങളും ഉൾപ്പെട്ട വിഷയങ്ങളിൽ ജസ്റ്റിസ് ബി.രാധാകൃഷ്ണൻ നേരിട്ട് ഇടപെട്ടിരുന്നു. സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനത്തിലും മുതിർന്ന പൗരന്മാരുടെ പ്രശ്നങ്ങളിലും ദേവസ്വം വിഷയങ്ങളിലും ശ്രദ്ധേയ ഇടപെടൽ നടത്തുകയും ചെയ്തിട്ടുണ്ട്. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പു കമ്മിഷനെതിരെ നടത്തിയ വിമർശനം വളരെയധിയകം ചർച്ചയായിരുന്നു.

