ഭാരതവും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം മോശമായതിന്റെ മുഴുവൻ ഉത്തരവാദിത്തവും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്കാണെന്ന് തുറന്നടിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ജസ്റ്റിൻ ട്രൂഡോ അനാവശ്യമായി ഗർവ്വ് കാണിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ കുറ്റപ്പെടുത്തി.
2023 ജൂണിൽ കാനഡയിലെ വാൻകൂവറിൽ വെച്ച് ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണങ്ങളാണ് ഇന്ത്യ-കാനഡ ബന്ധത്തെ വഷളാക്കിയത്. തെളിവുകൾ ഇല്ലാതെയായിരുന്നു ഈ ആരോപണം . എന്നാൽ ഇതിനുള്ള തെളിവുകൾ ഇന്ത്യയ്ക്ക് നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല എന്ന ജസ്റ്റിൻ ട്രൂഡ്രോ വീണ്ടും ആരോപണമുന്നയിച്ചതോടെ ഇന്ത്യൻ സർക്കാർ കാനഡയിൽ ഉള്ള ഇന്ത്യൻ നയതന്ത്രജ്ഞരെ തിരികെ വിളിക്കുകയും കനേഡിയൻ നയതന്ത്രജ്ഞരെ പുറത്താക്കുകയും ചെയ്തു.
കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖാലിസ്ഥാനി വിഘടനവാദികളെ ഇന്ത്യൻ ഏജൻ്റുമാർ ലക്ഷ്യം വയ്ക്കുന്നുവെന്ന ഗുരുതരമായ ആരോപണങ്ങളെ പിന്തുണയ്ക്കാൻ കാനഡ ഒരു തെളിവും ഹാജരാക്കിയിട്ടില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇന്ന് വ്യക്തമാക്കി. ജസ്റ്റിൻ ട്രൂഡോ നടത്തുന്ന ആഭാസകരമായ ആരോപണങ്ങൾ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള തന്ത്രമാണ് എന്നും വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.
നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് ഇന്ത്യൻ പൗരന്മാരാണ് കനേഡിയൻ പോലീസിന്റെ പിടിയിലായിട്ടുള്ളത്. കരൺ ബ്രാർ, കമൽപ്രീത് സിംഗ്, കരൺ പ്രീത് സിംഗ് എന്നിവരാണ് എഡ്മണ്ടിൽ നിന്ന് പിടിയിലായത്. കഴിഞ്ഞ മൂന്ന് നാല് വർഷങ്ങളായി ഇവർ കാനഡയിലുണ്ടെന്നും കനേഡിയൻ പോലീസ് വ്യക്തമാക്കി. എന്നാൽ, ഇവർക്ക് ഇന്ത്യൻ സർക്കാരുമായോ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയുമായോ ബന്ധമുണ്ടോ എന്ന കാര്യത്തിൽ ഇപ്പോൾ പ്രതികരിക്കാനാകില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് പോലീസ് പറയുന്നത്.

