പാകിസ്ഥാനുമായി ബന്ധപ്പെട്ട ചാരവൃത്തി കേസിൽ അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്ര, വിനോദ സഞ്ചാര വകുപ്പിന്റെ ക്ഷണ പ്രകാരം കേരളത്തിലെത്തിയ സംഭവത്തിൽ വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് മുതിർന്ന ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. മുഹമ്മദ് റിയാസ് കേരളത്തിൽ പ്രാത്സാഹിപ്പിച്ചത് ടൂറിസമല്ല ടെററിസമാണെന്നും മൽഹോത്രയെ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാൻ കൊണ്ടുവന്നതാണെന്നും മറ്റൊന്നും അറിയില്ലെന്നും നിഷ്കളങ്കമായി പറയുന്ന ടൂറിസം മന്ത്രി ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിൽ ഗുരുതര വീഴ്ചയാണ് ടൂറിസം വകുപ്പിനും സർക്കാരിനും സംഭവിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ പി കെ കൃഷ്ണദാസ്, ഗുരുതര വീഴ്ചയാണ് ടൂറിസം വകുപ്പിനും സർക്കാരിനും സംഭവിച്ചിരിക്കുന്നതെന്നും പറഞ്ഞു.
അതേസമയം കഴിഞ്ഞ വർഷം ജനുവരി മുതൽ ഈ വർഷം മെയ് വരെ ടൂറിസം വകുപ്പ് സംസ്ഥാനത്തേക്ക് ക്ഷണിച്ചുകൊണ്ടുവന്ന വ്ലോഗർമാരുടെ പട്ടികയാണ് വിവരവകാശ രേഖയിലൂടെ പുറത്തുവന്നത്. പാകിസ്ഥാനുവേണ്ടി ചാരപ്രവർത്തി നടത്തിയതിന് അറസ്റ്റിലായ ജ്യോതി മൽഹോത്രയുടെ പേരും പട്ടികയിലുണ്ട്. താമസം, ഭക്ഷണം,യാത്രാ, ചിലവുകൾക്ക് പുറമെ വേതനവും ടൂറിസം വകുപ്പ് നൽകിയിരുന്നു. കണ്ണൂർ, കോഴിക്കോട്, കൊച്ചി, ആലപ്പുഴ, മൂന്നാർ എന്നിവടങ്ങളിൽ സന്ദർശനം നടത്തി വീഡിയോ വ്ലോഗും ജ്യോതി മൽഹോത്ര യൂട്യൂബിൽ പ്രസിദ്ധീകരിച്ചിരുന്നു.
പി കെ കൃഷ്ണദാസ് സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പ് വായിക്കാം
പാക്ചാരയെ ക്ഷണിച്ച മുഹമ്മദ് റിയാസ്
മന്ത്രി പദവി ഒഴിയണം..!!!
മന്ത്രി മുഹമ്മദ് റിയാസ് കേരളത്തിൽ
പ്രാത്സാഹിപ്പിച്ചത് ടൂറിസമല്ല ടെററിസമാണ്.ചാരപ്രവർത്തിക്ക് ഹരിയാനയിൽ അറസ്റ്റിലായ ജ്യോതി മൽഹോത്രയെ കേരളത്തിൽ ആനയിച്ച് കൊണ്ടുവന്നതെന്തിനായിരുന്നു ? വ്ലോഗർ മൽഹോത്രയെ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാൻ കൊണ്ടുവന്നതാണെന്നും മറ്റൊന്നും അറിയില്ലെന്നും നിഷ്കളങ്കമായി പറയുന്ന ടൂറിസം മന്ത്രി ഒളിച്ചുകളി അവസാനിപ്പിക്കണം.ഭാരതാംബയോടും ദേശീയ ബിംബങ്ങളോടും സി.പിഎമ്മിനും
ഇടത് സർക്കാരിനും കടുത്ത പുച്ഛമാണ്.
പാകിസ്താൻ തീവ്രവാദത്തിനെതിരെ ഭാരതം ശക്തമായി പ്രതികരിച്ച സന്ദർഭത്തിൽ സമാധാനത്തിന്റെ ദൂതുമായി പാകിസ്താൻ അനുകൂല നിലപാട് സ്വീകരിച്ച സഖാവ് സ്വരാജും
സി.പി.എമ്മിന്റെ നിലപാട് അറിയിച്ചതാണ്. കേരളം വഴി പാകിസ്താനിലേക്ക് തീവ്രവാദ ഇടനാഴി സൃഷ്ടിക്കാനുള്ള ഗൂഢലക്ഷ്യമാണ് പൊളിഞ്ഞിരിക്കുന്നത്. ഗുരുതര വീഴ്ചയാണ് ടൂറിസം വകുപ്പിനുംസർക്കാരിനും സംഭവിച്ചിരിക്കുന്നത്.

