കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബസമേതം വിദേശ യാത്ര നടത്തിയതിനെ നിശിതമായി വിമർശിച്ച് കെ മുരളീധരൻ എംഎൽഎ രംഗത്ത്. പാട്ടപ്പിരിവ് നടത്തി ലഭിച്ച സംഭാവന കൊണ്ടാണോ പിണറായി യാത്ര ചെയ്തത് എന്നുചോദിച്ച മുരളീധരൻ ഖജനാവിലെ പണം ഉപയോഗിച്ചാണ് യാത്രയെങ്കില്‍ കുടുംബാംഗങ്ങളെ കൊണ്ട് പോവാന്‍ സാധിക്കില്ല എന്നും വ്യക്തമാക്കി. മറ്റാരെങ്കിലും സ്‌പോണ്‍സര്‍ ചെയ്ത യാത്രയാണെങ്കിൽ അത് പെരുമാറ്റ ചട്ട ലംഘനവുമാണ്. അങ്ങനെയിരിക്കെ ആരാണ് യാത്രയുടെ ചിലവ് വഹിച്ചതെന്നും മുരളീധരന്‍ ചോദിച്ചു.
സ്വന്തം കാശ് കൊടുത്തല്ല വിദേശ യാത്രയെങ്കില്‍ ഒന്നുകില്‍ ഖജനാവിലെ പണം അല്ലെങ്കില്‍ സ്‌പോണ്‍സര്‍മാരുടെ പണം. രണ്ടായാലും ചട്ടലംഘനമാണ്. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് വിറ്റതില്‍ ഒരു പങ്ക് കമ്മീഷന്‍ പിണറായിക്കും ലഭിച്ചിട്ടുണ്ട്. അതിന്റെ ഷെയര്‍ എടുത്തിട്ടാണോ യാത്രയെന്നും അദ്ദേഹം ചോദിച്ചു.
ഒരു പ്രതിപക്ഷ നേതാവിനോട് പോലും മാന്യമായി സംസാരിക്കാത്തയാളാണ് പിണറായി. മോശം കാര്യങ്ങള്‍ക്കുള്ള ഒരു അവാര്‍ഡ് ഏര്‍പ്പെടുത്തിയെങ്കില്‍ ഇത് നേടിയെടുക്കുന്നതില്‍ പിണറായി വിജയൻ വിജയിക്കുകയെന്നും മുരളി പറഞ്ഞു.

