Saturday, December 20, 2025

കെ റെയിൽ സർക്കാരിനും പ്രതിപക്ഷത്തിനും തലവേദന; ഏറ്റവും മോശം ഡി പി ആർ എന്ന് കേന്ദ്രം

കെ റെയിലിന്റെ ഡി പി ആറിൽ പ്രാഥമിക വിവരങ്ങൾ പോലുമില്ലെന്നും ഡി പി ആർ ദുർബലമാണ് എന്നത് കൊണ്ട് തന്നെ പദ്ധതിക്ക് അനുമതി നൽകാനാവില്ല എന്ന് കേന്ദ്ര റെയിൽവേ മന്ത്രി പാർലമെന്റിൽ പറഞ്ഞതോടെ സംസ്ഥാന സർക്കാരിന്റെ മുഖം മൂടി അഴിഞ്ഞു വീഴുകയായിരുന്നു. ഇത്രയും കൊട്ടി ഘോഷിച്ച് കൊണ്ടുവന്ന ഒരു പ്രധാനപ്പെട്ട പദ്ധതിയുടെ വിശദമായ പദ്ധതി രേഖ തയ്യാറാക്കുന്നതിൽ പോലും സർക്കാർ എന്തുകൊണ്ട് പരാജയപ്പെട്ടു. തൃപ്തികരമായ ഒരു പദ്ധതി രേഖപോലുമില്ലാതെ ആയിരങ്ങളെ കുടിയൊഴുപ്പിക്കാനുള്ള കല്ലിടൽ കർമ്മവുമായി സർക്കാർ എന്തുകൊണ്ട് മുന്നോട്ട് പോകുന്നു. സർക്കാരിന്റെ ആത്മാർത്ഥതക്ക് നേരെ വലിയ ചോദ്യ ചിഹ്നമാണ് ഉയരുന്നത്.

കേരളത്തില്‍ നിന്നുള്ള എംപിമാരായ എന്‍കെ പ്രേമചന്ദ്രനും കെ മുരളീധരനും ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നല്‍കുകയായിരുന്നു ഇന്നലെ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ടെക്‌നിക്കല്‍ ഫീസിബിലിറ്റി റിപ്പോര്‍ട്ട് ഡിപിആറില്‍ ഇല്ല. ഏറ്റെടുക്കേണ്ട റെയില്‍വേ-സ്വകാര്യ ഭൂമിയുടെ കണക്ക് കാണിക്കണം. പരിസ്ഥിതി പഠനം നടത്തിയിട്ടില്ല. ഇതൊക്കെ പരിശോധിച്ചു മാത്രമേ തീരുമാനം എടുക്കാനാകൂ എന്നും റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി.

സർക്കാരും സിപി എമ്മും കേരളം മുഴുവൻ നടന്ന് വിശദീകരിക്കുന്ന മുഖ്യമന്ത്രി അടക്കം പൗര പ്രമുഖന്മാരെ നേരിട്ട് കണ്ട് വികസന മന്ത്രമോതുന്ന സ്വപ്ന പദ്ധതിക്ക് ഒരു ലക്ഷം കോടി രൂപ ചെലവ് വരുന്ന ബ്രിഹത് പദ്ധതിയുടെ DPR പോലും ഉണ്ടാക്കാനറിയാത്ത സർക്കാർ എന്ന് ജനം ഇതോടെ വിലയിരുത്തി. അതിനിടയിൽ കെ റെയിലിൽ കോൺഗ്രസിന് വന്നിട്ടുള്ള ഒരു ചെറിയ നിലപാട് മാറ്റം വളരെ ശ്രദ്ധേയമാണ്. സിൽവർ ലൈൻ നാടിന് ഗുണകരമാണെന്ന് സർക്കാർ ബോധ്യപ്പെടുത്തിയാൽ പിന്തുണയ്ക്കുമെന്ന കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ പ്രസ്താവന കോൺഗ്രസ്‌ പ്രവർത്തകർക്കിടയിൽ പോലും വലിയ ആശയക്കുഴപ്പത്തിന് വഴിവയ്ക്കും. സിൽവർ ലൈനിന് അനുമതി നൽകിയിട്ടില്ലെന്ന കേന്ദ്ര നിലപാടിന് പിന്നാലെ കെപിസിസി അധ്യക്ഷൻ നടത്തിയ ഈ പ്രസ്താവന വലിയ ചർച്ചകൾക്കാണ് വഴിവച്ചിട്ടുള്ളത്. പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഒരു വശത്ത് നിലപാട് എടുക്കുമ്പോൾ തന്നെ മറുവശത്ത് കെ. സുധാകരൻ നടത്തിയ പ്രസ്താവന ആലോചിച്ച് ഉറപ്പിച്ചു തന്നെയെന്നാണ് വിലയിരുത്തൽ. കേന്ദ്രം അനുകൂലിക്കാത്തതിനാൽ പദ്ധതിയിൽനിന്ന് സർക്കാർ പിൻവലിയാനുള്ള സാധ്യത കോൺഗ്രസ്‌ മുന്നിൽ കാണുന്നുണ്ട്. പദ്ധതിയെ തുടക്കം മുതൽ എതിർത്ത പ്രതിപക്ഷത്തെ ചാരി സർക്കാർ സാഹചര്യം അനുകൂലമാക്കുന്നത് തടയുക കൂടിയാണ് കോൺഗ്രസിന്റെ ലക്ഷ്യം. നിലവിലെ റെയില്‍പാത ഉപയോഗിച്ച് കൂടുതല്‍ വേഗത്തില്‍ സര്‍വീസ് നടത്തുന്ന 400 വന്ദേഭാരത് ട്രെയിനുകള്‍ ഓടിക്കുമെന്ന ബജറ്റ് പ്രഖ്യാപനം പാർട്ടി ഉയർത്തികാണിക്കുന്നതും ഇത് മുൻകൂട്ടി കണ്ടുകൊണ്ടാണെന്നാണ് വിലയിരുത്തൽ. നേതൃത്വത്തിന്റെ ആഹ്വാനപ്രകാരം സിൽവർ ലൈനിനെ എതിർക്കാൻ ഇറങ്ങി പുറപ്പെട്ട പാർട്ടി പ്രവർത്തകരോട് നിലവിൽ ഉണ്ടായിട്ടുള്ള ആശയക്കുഴപ്പം വിശദീകരിക്കുക എളുപ്പമാവില്ല. സത്യത്തിൽ കെ റയിലിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാരും പ്രതിപക്ഷവും ഒരുപോലെ പ്രതിസന്ധിയിലാണ്. കേന്ദ്രമാകട്ടെ വന്ദേ ഭാരത് പദ്ധതി പ്രഖ്യാപിച്ച് കേരളത്തിന്റെ DPR ലെ തമാശകളൊക്കെ വായിച്ച് ഊറി ഊറി ചിരിക്കുകയാണ്.

Related Articles

Latest Articles