Thursday, May 16, 2024
spot_img

ഉയരങ്ങൾ കീഴടക്കി ‘മേപ്പടിയാൻ’; ദുബായ് എക്സ്പോയിൽ പ്രദർശിപ്പിക്കുന്ന ‘ആദ്യ മലയാള സിനിമ’ എന്ന ബഹുമതി ഇനി സ്വന്തം; ചരിത്രം രചിച്ച് ഉണ്ണി മുകുന്ദനും വിഷ്ണു മോഹനും!

ദുബായ്: നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ നിർമിച്ച് ഉണ്ണി മുകുന്ദൻ തന്നെ നായകനായി അഭിനയിച്ച ‘മേപ്പടിയാൻ’ ദുബായ് എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കുന്നു.

ദുബായ് എക്‌സ്‌പോയില്‍ പ്രദർശിപ്പിക്കുന്ന ആദ്യ മലയാള ചിത്രമാവുകയാണ് മേപ്പടിയാൻ. ലോകം മുഴുവനും ശ്രദ്ധ നേടിയ ദുബായ് എക്‌സ്‌പോയില്‍ അഭിമാനമായി മലയാള ചിത്രം മേപ്പടിയാന്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടെന്ന് സംവിധായകൻ വിഷ്ണു മോഹൻ തന്നെയാണ് വെളിപ്പെടുത്തിയത്.

ദുബായ് എക്‌സപോയില്‍ ഏറെ ശ്രദ്ധ നേടിയ ഇന്ത്യന്‍ പവലിയനിലാണ് ചിത്രം പ്രദർശിപ്പിക്കുക. ഫെബ്രുവരി ആറിന് ദുബായ് എക്‌സ്‌പോ 2020 യുടെ ഇന്ത്യന്‍ പവലിയനിലെ ഫോറം ലെവല്‍ മൂന്നില്‍ വൈകിട്ടു 5 മണി മുതല്‍ 7 മണി വരെയാണ് ആണ് മേപ്പടിയാന്‍ പ്രദര്‍ശിപ്പിക്കുന്നത്.

അതേസമയം കഴിഞ്ഞ മാസം കേരളത്തിലടക്കം റിലീസ് ചെയ്ത മേപ്പടിയാന്‍ വമ്പൻ വിജയമായിരുന്നു. ഗള്‍ഫ് രാജ്യങ്ങളിലും വലിയ രീതിയില്‍ ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.

എന്നാൽ ഇതിന് പുറമെയാണ് ദുബായ് എക്‌സ്‌പോയില്‍ ഇന്ത്യന്‍ പവലിയനിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ഒൻപതര കോടിയായിരുന്നു ചിത്രം നേടിയത്.

ചിത്രം പ്രദര്‍ശനത്തിനെത്തുന്നതിന് മുന്‍പ് തന്നെ വളരെ മോശമായ രീതിയില്‍ സൈബര്‍ ആക്രമണം നേരിടുകയും എന്നാൽ അതിനെയൊക്കെ അതിജീവിച്ച് മേപ്പടിയാൻ വലിയ വിജയമായി മാറുകയും ഹിറ്റ് ചാർട്ടിൽ ഇടം പിടിക്കുകയുമായിരുന്നു. വ്യാജപ്രചരണങ്ങളും ഡീഗ്രേഡിങ്ങുകളും ഫലം കണ്ടില്ല എന്നതാണ് സത്യം.

ഉണ്ണി മുകുന്ദൻ തന്നെ നിർമിച്ച് തിയേറ്ററുകളിൽ എത്തിച്ച ആദ്യ സിനിമ നാലുകോടിയിലധികം രൂപയാണ് ലാഭം നേടിയത്. മേപ്പടിയാന്റെ നിർമാണത്തിനായി ഉണ്ണി മുകുന്ദൻ ഫിലിം കമ്പനിക്ക് ചിലവായത് 5.5 കോടി രൂപയാണ്.

ജനുവരി 14 ന് കേരളത്തിലെ തീയേറ്ററുകളിൽ റിലീസിനെത്തിയ മേപ്പടിയാന്‍ ഇതിനോടകം തീയേറ്റര്‍ ഷെയറായി മാത്രം 2.4 കോടി കളക്ട് ചെയ്തു കഴിഞ്ഞു. കോവിഡ് സി കാറ്റഗറിയില്‍ ഉള്‍പ്പെടാത്ത പ്രദേശങ്ങളില്‍ ഇപ്പോഴും ചിത്രത്തിന്റെ പ്രദര്‍ശനം നടന്നുകൊണ്ടിരിക്കുകയാണ്. കേരള ഗ്രോസ് കളക്‌ഷൻ 5.1 കോടിയാണ്. ജിസിസി കളക്‌ഷൻ ഗ്രോസ് 1.65 കോടിയും.

കൂടാതെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി മേപ്പടിയാന്റെ ഡബ്ബിങ് -റീമേക്ക് റൈറ്റ്‌സുകളും വിറ്റുപോയിട്ടുണ്ട്. ഇങ്ങനെ മാത്രം രണ്ട് കോടി രൂപയാണ് ലഭിച്ചത്. സാറ്റ്‌ലൈറ്റ്- ഒടിടി റൈറ്റ്‌സുകളും വിറ്റുപോയിട്ടുണ്ട്. ഒടിടി റൈറ്റ്‌സ് ആമസോണ്‍ സ്വന്തമാക്കി കഴിഞ്ഞു.

ഓഡിയോ റൈറ്റ്‌സ് ഇനത്തില്‍ ലഭിച്ച 12 ലക്ഷം ഉള്‍പ്പെടെ മേപ്പടിയാന്‍ ആകെ സ്വന്തമാക്കിയത് 9.02 കോടി രൂപയാണ്. പ്രിന്റ് ആൻഡ് പബ്ലിസിറ്റി അടക്കം മേപ്പടിയാന് ചെലവായത് 5.5 കോടി രൂപയും.

എന്തയാലും കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പകുതി പേര്‍ക്ക് മാത്രമാണ് തിയറ്ററുകളില്‍ പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലും ഇത്രയും കൂടിയ ഷെയര്‍ നേടാന്‍ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നു. ഇപ്പോഴും കോവിഡ് സി കാറ്റഗറിയില്‍ ഉള്‍പ്പെടാത്ത പ്രദേശങ്ങളില്‍ ചിത്രത്തിന്റെ പ്രദര്‍ശനം നടന്നുകൊണ്ടിരിക്കുകയാണ്.

Related Articles

Latest Articles