Monday, June 17, 2024
spot_img

മുഖ്യമന്ത്രിയുടെ അഡീഷണൽ സെക്രട്ടറി സി.എം രവീന്ദ്രന്റെ ജീവന് ഭീഷണി; എത്രയും വേഗം സുരക്ഷ ഒരുക്കണം, സി.പി.എമ്മും പിണറായിയും എന്തും ചെയ്യാൻ മടിയില്ലാത്തവരാണെന്ന് കെ. സുരേന്ദ്രൻ

ദില്ലി: സ്വർണ്ണക്കടത്ത് കേസിൽ ദേശീയ അന്വേഷണ ഏജൻസികൾക്ക് മുമ്പിൽ ഹാജരാവേണ്ട മുഖ്യമന്ത്രിയുടെ അഡീഷണൽ സെക്രട്ടറി സി.എം രവീന്ദ്രന്റെ ജീവന് ഭീഷണിയുണ്ടെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും എല്ലാ രഹസ്യങ്ങളും അറിയുന്ന അദ്ദേഹത്തിന് വേണ്ട സുരക്ഷ ഒരുക്കണമെന്നും ദില്ലിയിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

ആയിരക്കണക്കിന് കോടി രൂപയുടെ ഇടപാടുകളാണ് കഴിഞ്ഞ നാലരവർഷക്കാലമായി മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്നിരിക്കുന്നത്. ഈ അഴിമതികളെ പറ്റി എല്ലാം അറിയുന്ന രണ്ട് പേരാണ് സി.എം രവീന്ദ്രനും പൊളിറ്റിക്കൽ സെക്രട്ടറി ദിനേശൻ പുത്തലത്തും. സി.എം രവീന്ദ്രനെ ദേശീയ ഏജൻസികൾ ചോദ്യം ചെയ്താൽ പല രഹസ്യങ്ങളും പുറത്താകും. അത് സർക്കാരിനെയും മുഖ്യമന്ത്രിയേയും ബാധിക്കും. അതുകൊണ്ട് അദ്ദേഹത്തിന്റെ ജീവന് ഭീഷണിയുണ്ട്.

രവീന്ദ്രൻ ചില ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരുടെ നിരീക്ഷണത്തിലാണെന്നാണ് മനസിലാക്കാനാവുന്നത്. അദ്ദേഹത്തിന്റെ കൊവിഡ് റിസൽട്ടിന്റെ കാര്യത്തിൽ തന്നെ ചില സംശയങ്ങളുണ്ട്. പൊതുജനങ്ങളും മാദ്ധ്യമങ്ങളും ഈ കാര്യത്തിൽ ജാ​ഗ്രത കാണിക്കണം. സി.പി.എമ്മും മുഖ്യമന്ത്രിയും എന്തും ചെയ്യാൻ മടിയില്ലാത്തവരാണെന്നും സുരേന്ദ്രൻ പറഞ്ഞു.

പ്രധാനമന്ത്രിയിലുള്ള ജനങ്ങളുടെ വിശ്വാസമാണ് ബീഹാറിലെയും രാജ്യമാകെ നടന്ന ഉപതിരഞ്ഞെടുപ്പുകളുടെയും ഫലം തെളിയിക്കുന്നത്. കൊവിഡ് കാലത്ത് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ നടപ്പാക്കിയ ജനക്ഷേമനയങ്ങളും പ്രതിരോധ പ്രവർത്തനങ്ങളുമാണ് ജാതി രാഷ്ട്രീയത്തെ മറികടന്ന് ബി.ജെ.പിക്ക് വൻ നേട്ടമുണ്ടാക്കി കൊടുത്തത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കേരളത്തിലും ബം​ഗാളിലും ബി.ജെ.പി ഭരണം നേടും. തദ്ദേശ തിരഞ്ഞെടുപ്പ് അതിനുള്ള അടിത്തറ പാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.

Related Articles

Latest Articles