Sunday, May 19, 2024
spot_img

എല്‍ഡിഎഫിനും യുഡിഎഫിനും പരാജയഭീതി; തിരഞ്ഞെടുപ്പ് തീയതിയല്ല, രീതിയാണ് മാറ്റേണ്ടത്; കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനുള്ള തീരുമാനത്തോട് ബിജെപി പൂര്‍ണ്ണമായും വിയോജിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. എല്‍ഡിഎഫിനും യുഡിഎഫിനും പരാജയഭീതിയാണ്. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസും മയക്കുമരുന്ന് കേസും മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതികൂട്ടിലാക്കിയതും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ മകനെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തതുമെല്ലാം സര്‍ക്കാരിന്‍റെ പ്രതിച്ഛായ തകര്‍ത്തിരിക്കുകയാണ്. സിപിഎമ്മിനും എല്‍ഡിഎഫിനും ജനവിശ്വാസം പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരിക്കുകയാണ്.

അതേസമയം തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കുന്നത് സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും എന്നാല്‍ നാലു മാസത്തെ മാത്രം കാലാവധിക്കായി സംസ്ഥാനത്ത് അസംബ്ലി ഉപതെരഞ്ഞെടുപ്പുകള്‍ ആവശ്യമില്ലെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

യുഡിഎഫിനും പരാജയഭീതിയാണ്. കാരണം കോണ്‍ഗ്രസ്സിനകത്തെ നേതൃത്വ പ്രശ്നങ്ങളും കേരള കോണ്‍ഗ്രസ്സ് മുന്നണിയില്‍ നിന്നും വിട്ടു പോയതും യു ഡിഎഫിനകത്തെ തമ്മിലടിയുമാണ് അതിന് കാരണമെന്നും ഉപതിരഞ്ഞെടുപ്പുകള്‍ മാറ്റിവയ്ക്കണമെങ്കില്‍ തദ്ദേശ തിരഞ്ഞെടുപ്പ് കൂടി മാറ്റിവയ്ക്കണമെന്ന യുഡിഎഫിന്‍റെ നിലപാട് വിചിത്രമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

നിയമസഭാ ഉപതിരഞ്ഞെടുപ്പുകളുടെ കാര്യത്തില്‍ ജനങ്ങള്‍ക്കുള്ള അഭിപ്രായവ്യത്യാസം അങ്ങനെയൊരു തിരഞ്ഞെടുപ്പ് നടത്തിയതുകൊണ്ട് ഒരു പ്രയോജനവുമില്ല എന്നതാണ്. ജനങ്ങളെ അഭിമുഖീകരിക്കാനുള്ള ഇരുമുന്നണികളുടെയും പ്രശ്നമാണ് തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നതിന് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തെരഞ്ഞെടുപ്പ് നടത്താനുള്ള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാടിനോടാണ് ബിജെപിയ്ക്ക് യോജിപ്പ്. സര്‍വ്വകക്ഷിയോഗത്തില്‍ ശക്തമായ നിലപാട് ബിജെപി അറിയിക്കും. തിരഞ്ഞെടുപ്പ് തീയതിയല്ല, രീതിയാണ് മാറ്റേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Latest Articles