Saturday, November 28, 2026

കെപിസിസി അദ്ധ്യക്ഷൻ നുണ പറയുകയാണ്! പുറത്താക്കിയെന്ന ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് കെവി തോമസ്

കൊച്ചി: കോണ്‍ഗ്രസില്‍ നിന്നും തന്നെ പുറത്താക്കിയെന്ന ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് കെവി തോമസ്. പാർട്ടിയിൽ നിന്നും പുറത്താക്കേണ്ടത് എഐസിസി ആണെന്നും കെപിസിസി അധ്യക്ഷന്‍ നുണ പറയുകയാണെന്നുമാണ് കെ വി തോമസ് പറയുന്നത്. പുറത്താക്കിയെന്ന കെ സുധാകരന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കെവി തോമസ്.

കോണ്‍ഗ്രസ് സംസ്ക്കാരത്തില്‍ നിന്നും മാറാന്‍ തനിക്ക് കഴിയില്ല.അതിനാല്‍ താന്‍ എല്‍ഡിഎഫിലേക്ക് പോകില്ലെന്നും കെവി തോമസ് വ്യക്തമാക്കി.

കോണ്‍ഗ്രസ് പ്രസക്തി നഷ്ടപ്പെട്ട് അസ്തികൂടമായി മാറി. എല്‍ഡിഎഫിലേക്ക് പോകില്ല. സ്വതന്ത്രമായി നില്‍ക്കാനാണ് തീരുമാനമെന്നും കെ വി തോമസ് കൂട്ടിച്ചേർക്കുകയും ചെയ്തു.

കെ.വി. തോമസിനെ കോണ്‍ഗ്രസില്‍നിന്നു പുറത്താക്കിയെന്നു കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനാണ് ഇന്നലെ പ്രഖ്യാപിച്ചത്. തീരുമാനം എഐസിസിയുടെ അനുമതിയോടെയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇന്നലെ തൃക്കാക്കരയില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ കെ.വി. തോമസ് പങ്കെടുത്തതിനു പിന്നാലെയാണു നടപടി.

തോമസിനു തൃക്കാക്കര തെരഞ്ഞെടുപ്പില്‍ ഒരു ചുക്കും ചെയ്യാനില്ല. തോമസിനൊപ്പം ഒരാളും പാര്‍ട്ടി വിടില്ല. പരമാവധി കാത്തിരുന്നു. ഇനി കാത്തിരിക്കാനാവില്ല. തോമസ് പാര്‍ട്ടിക്കു വെളിയിലായി- സുധാകരന്‍ പറഞ്ഞു.

Related Articles

Latest Articles