Thursday, January 8, 2026

കടക്കല്‍ താലൂക്ക് ആശുപത്രിയില്‍ നവജാതശിശു മരിച്ചു; ചികിത്സാപിഴവെന്ന് പരാതി

കൊല്ലം: കൊല്ലം കടക്കല്‍ താലൂക്ക് ആശുപത്രിയിൽ നവജാതശിശു മരിച്ചത് ചികിത്സാപിഴവുമൂലമെന്ന് പരാതി. ചിതറ സ്വദേശികളായ ഗോപകുമാര്‍, സിമി ദമ്പതികളുടെ ഒരു ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. എന്നാൽ ചികിത്സ പിഴവൊന്നും തന്നെ ഉണ്ടായിട്ടില്ലായെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

മാർച്ച് 16നാണ് സിമിയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗര്‍ഭപാത്രത്തിനുള്ളില്‍ വച്ച് കുട്ടിക്ക് പ്രശ്‌നങ്ങളുണ്ടെന്ന് അന്ന് തന്നെ ഡോക്ടർമാർ മനസിലാക്കി. എന്നിട്ടും ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുക്കാൻ ആദ്യം അവർ തയ്യാറായില്ലെന്നാണ് കുടുംബത്തിന്‍റെ ആരോപണം.

പതിനെട്ടാം തീയതിആയപ്പോഴാണ് ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുത്തത്. കുഞ്ഞിന്റെ ആരോഗ്യം മോശമായതോടെ എസ് എ ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ വെച്ച് കുഞ്ഞ് മരിക്കുകയായിരുന്നു.

ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുപ്പോള്‍ ഹൃദയമിടിപ്പ് കൂടുതലായിരുന്നുവെന്നും അപ്പോള്‍ തന്നെ കുഞ്ഞിനെ തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലേക്ക് റഫര്‍ ചെയ്തുവെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ വീഴ്ച്ചയുണ്ടായിട്ടില്ലെന്നും കടയ്ക്കല്‍ താലൂക്ക് ആശുപത്രി അധികൃതര്‍ അവകാശപ്പെട്ടു.

Related Articles

Latest Articles