കൊച്ചി: യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്ലാമിയാകും ആഭ്യന്തരം ഭരിക്കുകയെന്ന പരാമർശത്തിൽ സിപിഎം നേതാവ് എ കെ ബാലന് വക്കീൽ നോട്ടീസ് അയച്ച് ജമാഅത്തെ ഇസ്‌ലാമി. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറി മുഹമ്മദ് സാഹിബ് ആണ് നോട്ടിസ് അയച്ചത്. പ്രസ്താവന 7 ദിവസത്തിനകം പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും ക്ഷമാപണം നടത്തിയില്ലെങ്കിൽ ക്രിമിനൽ കേസ് നടപടികളുമായി മുന്നോട്ടു പോകുമെന്നും നോട്ടീസിൽ പറയുന്നു.
എ കെ ബാലന്‍റെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവും ജമാഅത്തെ ഇസ്ലാമി അമീറും രംഗത്ത് വന്നിരുന്നു. വര്‍ഗീയ വിഭജനത്തിനാണ് സിപിഎം നീക്കമെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ബാലൻ അഭിനവ ഗീബൽസ് ആകരുതെന്നാണ് ജമാഅത്തെ ഇസ്ലാമി അമീറിന്‍റെ പ്രതികരണം. ബാലൻ കേരളത്തോട് മാപ്പു പറയണമെന്ന് ജമാ അത്തെ ഇസ്ലാമി കേരള അമീര്‍ പി അബ്ദുൽ റഹ്മാൻ ആവശ്യപ്പെട്ടു.

