കാഞ്ഞിരപ്പള്ളി: വികസനകേരളമെന്ന് മുഖ്യമന്ത്രിയുൾപ്പടെയുള്ള നേതാക്കൾ നാഴികയ്ക്ക് നാല്പത് വട്ടം പറയുമ്പോഴും അധികൃതരുടെ ശ്രദ്ധയിൽപ്പെടാതെ നിൽക്കുന്ന നിരവധി സ്ഥലങ്ങൾ പ്രത്യേകിച്ച് ആശുപത്രികൾ ഇപ്പോഴും ഉണ്ട്. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയുടെ അവസ്ഥ വളരെ പ്രതിസന്ധി നിറഞ്ഞതാണ്.ഇഴജന്തുക്കൾ കയറിയിറങ്ങി ജനങ്ങൾക്ക് ഭീതി നിറയുകയാണ് ഓരോ ദിവസവും.ഒന്നരമാസത്തിനിടെ ആശുപത്രിക്ക് സമീപത്ത് നിന്ന് പിടികൂടിയത് നാല് പാമ്പുകളെയാണ്. പ്രസവ വാർഡിൻന്‍റെ അടുത്ത് നിന്നാണ് കഴിഞ്ഞ ദിവസം പാമ്പിനെ പിടികൂടിയത്. വാർഡിനുള്ളിലേയ്ക്ക് ഇഴഞ്ഞ് നീങ്ങിയ പാമ്പിനെ കൂട്ടിരിപ്പുകാരാണ് ആദ്യം കണ്ടത്.വനപാലകർ എത്തിയാണ് പെരുപാമ്പിനെ പിടികൂടിയത്.
നാല് തവണയും ആശുപത്രിക്ക് ഉള്ളിലേക്ക് ഇഴഞ്ഞെത്തിയത് പെരുമ്പാമ്പുകളായിരുന്നു. പാമ്പിന്‍റെ സാന്നിധ്യം പതിവായതോടെ രോഗികളും, കൂട്ടിരുപ്പുകാരും, ജീവനക്കാരും വലിയ ഭീതിയിലാണ്. ഒന്നിലേറെ പെരുമ്പാമ്പുകളെ കണ്ടത്തിയ സാഹചര്യത്തിൽ ഇനിയും ഇവിടെ പാമ്പുകൾ ഉണ്ടായേക്കുമെന്നാണ് വനപാലകരും പറയുന്നത്.ആശുപത്രി പരിസരത്ത് കാടുകയറിയതാണ് പാമ്പുകളുടെ ശല്യം രൂക്ഷമാകാൻ കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ആശുപത്രിയോട് ചേർന്നുള്ള സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളും കാടുപിടിച്ച നിലയിലാണുള്ളത്. അധികാരികൾ മുൻകൈയെടുത്ത് ആശുപത്രി പരിസരത്തെയെങ്കിലും കാടുകൾ വെട്ടിത്തെളിക്കണമെന്നാണ് നാട്ടുകാരുടേയും ആശുപത്രിയിലെത്തുന്ന രോഗികളുടേയും ആവശ്യം.

