Saturday, December 27, 2025

കണ്ണപുരം സ്‌ഫോടനക്കേസ് ! പ്രതി അനു മാലിക്ക് പിടിയിൽ

കണ്ണൂർ കണ്ണപുരം കീഴറയിൽ വീടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ച സംഭവത്തിൽ പ്രധാന പ്രതി അനൂപ് മാലിക്ക് പോലീസ് പിടിയിലായി. കാഞ്ഞങ്ങാട് വെച്ചാണ് ഇയാൾ അറസ്റ്റിലായത്. ഒളിവിൽ പോയി ജാമ്യം നേടാനായിരുന്നു ഇയാളുടെ പദ്ധതി. സ്ഫോടകവസ്തു നിയമപ്രകാരം ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് കണ്ണപുരം കീഴറയിലെ ഒരു വീട്ടിൽ അതിശക്തമായ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ ഓടുമേഞ്ഞ വീട് പൂർണ്ണമായും തകർന്നു. സമീപത്തെ വീടുകളുടെ ജനൽച്ചില്ലുകൾക്കും വാതിലുകൾക്കും സ്ഫോടനത്തിന്റെ ആഘാതത്തിൽ കേടുപാടുകൾ സംഭവിച്ചു. സംഭവസ്ഥലത്ത് പോലീസ്, ബോംബ് സ്ക്വാഡ്, അഗ്നിരക്ഷാസേന എന്നിവർ നടത്തിയ തിരച്ചിലിൽ ചാലാട് സ്വദേശി മുഹമ്മദ് ആഷാമിന്റെ മൃതദേഹം ചിന്നിച്ചിതറിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

സ്ഫോടനം നടന്ന വീട് വാടകയ്‌ക്കെടുത്തത് കേസിലെ മുഖ്യപ്രതിയായ അനൂപ് മാലിക്കാണ്. മരിച്ച മുഹമ്മദ് ആഷാം ഇയാളുടെ ബന്ധുവാണ്. സ്ഫോടനസമയത്ത് അനൂപ് മാലിക് വീട്ടിലുണ്ടായിരുന്നില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഉത്സവാഘോഷങ്ങൾക്കും മറ്റും ഉപയോഗിക്കുന്ന ഗുണ്ട് പോലുള്ള സ്ഫോടകവസ്തുക്കൾ ഈ വീട്ടിൽ നിർമ്മിച്ചിരുന്നതായി പോലീസ് അറിയിച്ചു. ഇതിന് ആവശ്യമായ ലൈസൻസ് ഇവർക്ക് ഉണ്ടായിരുന്നില്ല.

സ്ഫോടനവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം ആവശ്യമാണെന്നും, ഈ കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും പോലീസ് വ്യക്തമാക്കി.അനൂപ് മാലിക് നേരത്തെയും സമാനമായ കേസിൽ പ്രതിയായിട്ടുണ്ട്. 2016-ൽ കണ്ണൂർ പൊടിക്കുണ്ടിലെ വീട്ടിലുണ്ടായ സ്ഫോടനക്കേസിലും ഇയാൾ പ്രതിയായിരുന്നു. ഈ വിവരങ്ങൾ കൂടി ഉൾപ്പെടുത്തി വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തിന് പിന്നിൽ മറ്റെന്തെങ്കിലും ഉദ്ദേശ്യങ്ങളുണ്ടോ എന്നതും പോലീസ് പരിശോധിക്കുന്നുണ്ട്.

Related Articles

Latest Articles