Monday, September 21, 2026

ചിട്ടയുള്ള സംഘടന! സാധാരണപ്രവർത്തകർ പ്രധാനമന്ത്രി വരെയാകുന്നു… ആർഎസ്എസിനെ വാനോളം പുകഴ്ത്തി കോൺഗ്രസ് എംപി ദിഗ് വിജയ് സിങ്; കോൺഗ്രസ് ദുർബലമെന്നും പരാമർശം

ദില്ലി : ആർഎസ്എസിനെ വാനോളം പുകഴ്ത്തി മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ദിഗ്‌ വിജയ് സിങ്ങ്. കോൺഗ്രസ് നേതൃത്വത്തിൽ പരിഷ്കാരങ്ങൾ വേണമെന്ന് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് ഒരാഴ്ച തികയുന്നതിന് മുൻപാണ് ആർഎസ്എസിന്റെയും ബിജെപിയുടെയും സംഘടനാ കരുത്തിനെ അഭിനന്ദിച്ചുകൊണ്ടുള്ള സിങ്ങിന്റെ പ്രതികരണം പുറത്തുവരുന്നത്. ആർഎസ്എസ് ചിട്ടയുള്ള സംഘടനയാണെന്നും സാധാരണപ്രവർത്തകർ പ്രധാനമന്ത്രി വരെയാകുന്നുവെന്നും അദ്ദേഹം സമൂഹ മാദ്ധ്യമമായ എക്സിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.

തൊണ്ണൂറുകളിൽ ഗുജറാത്തിൽ നടന്ന ഒരു ചടങ്ങിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് ദിഗ്‌വിജയ് സിങ്ങ് എക്‌സിൽ പങ്കുവെച്ചത്. മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനി ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന ചടങ്ങിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി നിലത്തിരിക്കുന്നതാണ് ചിത്രത്തിലുള്ളത്. സാധാരണക്കാരായ പ്രവർത്തകർക്ക് നേതാക്കളുടെ പാദത്തിനടുത്ത് നിലത്തിരുന്ന് പ്രവർത്തിക്കാനും, പിന്നീട് മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും വളരാനും സാധിക്കുന്ന ബിജെപി-ആർഎസ്എസ് സംഘടനാ കെട്ടുറപ്പിനെ അദ്ദേഹം പ്രശംസിച്ചു. “ഇതാണ് സംഘടനയുടെ കരുത്ത്, ജയ് സിയാ റാം” എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. ക്വോറയിൽ നിന്ന് ലഭിച്ച ഈ ചിത്രം തന്നെ വളരെയധികം ആകർഷിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവം വിവാദമായതോടെ ദിഗ്‌വിജയ് സിങ്ങ് വിശദീകരണവുമായി രംഗത്തെത്തി. താൻ സംഘടനയുടെ പ്രവർത്തനരീതിയെ മാത്രമാണ് പുകഴ്ത്തിയതെന്നും, ബിജെപിയുടെയും ആർഎസ്എസിന്റെയും ആശയങ്ങളോട് വിയോജിപ്പുണ്ടെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

എന്നാൽ കോൺഗ്രസിനുള്ളിലെ അജയ്യതയെയും ജനാധിപത്യമില്ലായ്മയെയും തുറന്നുകാട്ടുന്ന ഒരു ‘സത്യ ബോംബ്’ ആണ് സിങ്ങ് പ്രയോഗിച്ചതെന്ന് ബിജെപി വക്താവ് സി.ആർ. കേശവൻ പരിഹസിച്ചു. സ്വന്തം പാർട്ടിയിലെ ഏകാധിപത്യപരമായ രീതികൾക്കെതിരെ പ്രതികരിക്കാൻ രാഹുൽ ഗാന്ധി ധൈര്യം കാണിക്കുമോ എന്ന് അദ്ദേഹം ചോദിച്ചു.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ ടാഗ് ചെയ്തുകൊണ്ടാണ് സിങ്ങ് ഈ പോസ്റ്റ് പങ്കുവെച്ചത് എന്നത് ശ്രദ്ധേയമാണ്. ഡിസംബർ 19-ന് അയച്ച കത്തിൽ പാർട്ടിയിൽ കൂടുതൽ പ്രായോഗികമായ വികേന്ദ്രീകൃത ഭരണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. രാഹുൽ ഗാന്ധിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തുക എന്നത് എളുപ്പമല്ലെന്ന അദ്ദേഹത്തിന്റെ മുൻപത്തെ പരാമർശം പാർട്ടിയിലെ ആഭ്യന്തര കലഹങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്.

മധ്യപ്രദേശ് രാഷ്ട്രീയത്തിൽ ദിഗ്‌ വിജയ് സിങ്ങ് നേരിടുന്ന വെല്ലുവിളികളും ഈ നീക്കത്തിന് പിന്നിലുണ്ടെന്ന് കരുതപ്പെടുന്നു. അദ്ദേഹത്തിന്റെ രാജ്യസഭാ കാലാവധി അടുത്ത വർഷം അവസാനിക്കാനിരിക്കെ, മൂന്നാം തവണയും അദ്ദേഹത്തിന് അവസരം ലഭിക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. കമൽനാഥ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ സീറ്റിനായി രംഗത്തുള്ളതും പാർട്ടിയിലെ യുവനേതൃത്വം സിങ്ങിന്റെ ശൈലിയോട് വിയോജിപ്പുള്ളവരാണെന്നതും അദ്ദേഹത്തെ സമ്മർദ്ദത്തിലാക്കുന്നു. ഈ പശ്ചാത്തലത്തിൽ, ഹൈക്കമാൻഡിനെ പ്രതിരോധത്തിലാക്കി തന്റെ രാഷ്ട്രീയ പ്രസക്തി നിലനിർത്താനുള്ള ശ്രമമായാണ് ദിഗ്‌വിജയ് സിങ്ങിന്റെ ഈ പുതിയ നീക്കത്തെ രാഷ്ട്രീയ വൃത്തങ്ങൾ കാണുന്നത്.

Related Articles

Latest Articles