ദില്ലി : കരിപ്പൂര്‍ വിമാനത്താവളം റണ്‍വേ വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് നല്‍കാത്തതില്‍ കടുത്ത അതൃപ്തിയറിയിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ കത്ത്. വരുന്ന ആഗസ്റ്റ് ഒന്നിന് മുമ്പ് റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയയ്ക്ക് ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെങ്കില്‍ വിമാനത്താവളത്തിന്റെ റണ്‍വേയുടെ നീളം കുറയ്ക്കുമെന്ന് വ്യോമയാന മന്ത്രി മുന്നറിയിപ്പ് നല്‍കി.
വിമാനത്താവളത്തിന്റെ റണ്‍വേയുടെ നീളം വര്‍ധിപ്പിക്കാന്‍ 14.5 ഏക്കര്‍ ഭൂമിയാണ് ആവശ്യമായിട്ടുള്ളത്. ഇതിനായി ഭൂമി ഏറ്റെടുത്ത് നല്‍കണമെന്ന് 2022 മാര്‍ച്ച് മുതല്‍ സര്‍ക്കാരിനോട് തുടർച്ചയായി ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് ഭൂമി ഏറ്റെടുത്ത് നല്‍കാമെന്ന് 2022 ഏപ്രിലില്‍ സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുനല്‍കുകയും ചെയ്തു. എയർപോർട്ട് അതോറിറ്റിക്കു വേണ്ടി ഇരുവശങ്ങളിലുമുള്ള ഭൂമി സൗജന്യമായി ഏറ്റെടുത്ത് നിരപ്പാക്കി നൽകാമെന്നാണു നേരത്തെ സംസ്ഥാന സർക്കാർ അറിയിച്ചത്. എന്നാൽ ഈ ഉറപ്പിനപ്പുറം ഇതിനുള്ള നടപടികള്‍ മുന്നോട്ടുനീങ്ങിയിട്ടില്ലെന്നും കേന്ദ്രമന്ത്രി കത്തില്‍ ചൂണ്ടിക്കാണിച്ചു.
നടപടികള്‍ വൈകുന്നത് യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്നുവെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
2020 ഓഗസ്റ്റ് ഏഴിന് കരിപ്പൂരില്‍ വിമാനാപകടമുണ്ടായപ്പോള്‍ അപകടത്തിന്റെ തീവ്രത വര്‍ധിക്കാനുള്ള കാരണമായി കണ്ടെത്തിയത് റണ്‍വേ സേഫ്റ്റി ഏരിയയുടെ നീളക്കുറവാണ്. ഇത് ഉടനടി പരിഹരിക്കണമെന്ന് അപകടം അന്വേഷിച്ച സമിതി ആവശ്യപ്പെട്ടിരുന്നു. വിമാനങ്ങൾ സുരക്ഷിതമായി ഇറങ്ങണമെങ്കിൽ വിമാനത്താവളത്തിന്റെ ഇരുവശങ്ങളിലും ഭൂമി ഏറ്റെടുത്തു നൽകണമെന്ന നിർദേശവും സമിതി മുന്നോട്ടു വച്ചു. തുടർന്നാണ് വ്യോമയാന മന്ത്രാലയം ഭൂമി ഏറ്റെടുത്ത് നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

