ദില്ലി : കർണാടകയിൽ അനുകൂലവിധി ലഭിച്ചിട്ടും മുഖ്യമന്ത്രിക്കസേരയെച്ചൊല്ലിയുള്ള വടംവലി നീളുന്നതിനിടെ, അടുത്ത 48 – 72 മണിക്കൂറിനുള്ളിൽ മന്ത്രിസഭ നിലവിൽ വരുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സുർജെവാല വ്യക്തമാക്കി. അതെ സമയം മുഖ്യമന്ത്രി ആര് എന്നത് സംബന്ധിച്ച് നിലവിൽ നേതൃത്വം തീരുമാനിച്ചിട്ടില്ലെന്നും ചർച്ചകൾ തുടരുകയാണെന്നും രൺദീപ് സുർജെവാല കൂട്ടിച്ചേർത്തു.
ടേം വ്യവസ്ഥയിലായിരിക്കും കർണാടക മുഖ്യമന്ത്രിയെ നിശ്ചയിക്കുക എന്നും ആദ്യം സിദ്ധരാമയ്യയും ശേഷം ഡി.കെ. ശിവകുമാറും ആയിരിക്കും എന്ന റിപ്പോർട്ടുകൾ ഉയരുന്നുണ്ട്. എന്നാൽ ഡി.കെ. ശിവകുമാർ ഇതിന് വഴങ്ങുന്നില്ലെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഇരു നേതാക്കളും കോൺഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാർജുന ഖാർഗെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെ ഇന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായും ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. . അതേസമയം, നേതൃത്വം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും മുമ്പേ സിദ്ധരാമയ്യയുടെ അണികൾ ആഘോഷം തുടങ്ങിയിട്ടുണ്ട്.

