എസ്എഫ്ഐഒ അന്വേഷണത്തിന് ഇടക്കാല സ്റ്റേ ആവശ്യപ്പെട്ടുള്ള മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണാ വിജയൻറെ കമ്പനിയായ എക്‌സാലോജിക് സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി വിധി പറയാൻ മാറ്റി. എന്നത്തേക്കു വിധി പറയുമെന്ന് കോടതി വ്യക്തമാക്കിയിട്ടില്ല. വിധി പറയുന്നതു വരെ എക്സാലോജിക്കിനെതിരെ അറസ്റ്റുൾപ്പെടെയുള്ള കടുത്ത നടപടികൾ പാടില്ലെന്ന് കോടതി എസ്എഫ്ഐഒയ്‌ക്ക് നിർദ്ദേശം നൽകി. അന്വേഷണം റദ്ദാക്കണമെന്ന വീണയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.
അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ വിലക്കിയെങ്കിലും, അന്വേഷണവുമായി മുന്നോട്ടു പോകുന്നതിന് തടസമില്ലെന്ന് വ്യക്തമാക്കിയ കോടതി എസ്എഫ്ഐഒ ആവശ്യപ്പെടുന്ന എല്ലാ രേഖകളും എക്സാലോജിക് ഹാജരാക്കണമെന്നും എസ്എഫ്ഐഒ നോട്ടിസിന് വീണാ വിജയൻ മറുപടി നൽകണമെന്നും നിർദേശമുണ്ട്.
എസ്എഫ്‌ഐഒ അന്വേഷണം നിലനില്‍ക്കില്ലെന്നാണ് എക്‌സാലോജിക്ക് കോടതിയില്‍ അവകാശപ്പെട്ടത്. രജിസ്ട്രാര്‍ ഓഫ് കമ്പനീസ് അന്വേഷണം തുടരുകയാണെന്നും സിഎംആര്‍എല്ലുമായുള്ള ഇടപാടിലെ ആരോപണത്തിനു മറുപടി നല്‍കിയിട്ടുണ്ടെന്നും എക്‌സാലോജിക് അറിയിച്ചു. എന്നാൽ രജിസ്ട്രാര്‍ ഓഫ് കമ്പനീസ് അന്വേഷണം എന്തായെന്നു കോടതി ചോദിച്ചപ്പോള്‍ അന്വേഷണപുരോഗതി അറിയില്ലെന്നായിരുന്നു എക്‌സാലോജിക്കിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ വ്യക്തമാക്കിയത്.
കരിമണല്‍ കമ്പനിയായ സിഎംആര്‍എലില്‍നിന്ന് എക്‌സാലോജിക് സൊലൂഷന്‍സ് കമ്പനിക്ക് അനധികൃതമായി പണം ലഭിച്ചതിനെക്കുറിച്ചാണ് എസ്എഫ്‌ഐഒ അന്വേഷണം. എസ്എഫ്‌ഐഒ, കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയം എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് വീണയുടെ ഹര്‍ജി.

