Thursday, April 25, 2024
spot_img

കരോള്‍ബാഗിലെ തീപിടിത്തത്തില്‍ മരണസംഖ്യ ഉയരുന്നു; ഗുരുതരാവസ്ഥയില്‍ തുടര്‍ന്ന രണ്ട് പേര്‍ കൂടി മരിച്ചു

ദില്ലി: ദില്ലിയിലെ കരോള്‍ബാഗില്‍ ഇന്ന് പുലര്‍ച്ചെ ഉണ്ടായ തീപിടിത്തത്തില്‍ മരണസംഖ്യ ഉയരുന്നു. അപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന രണ്ട് പേര്‍ കൂടി മരിച്ചതായാണ് റിപ്പോര്‍ട്ട്. എറണാകുളം സ്വദേശികളായ നളിനിയമ്മ, വിദ്യാസാഗര്‍ എന്നിവരാണ് മരിച്ചത്. ഇതോടെ മൂന്ന് മലയാളികള്‍ അടക്കം അപകടത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി. നേരത്തെ ചോറ്റാനിക്കര സ്വദേശി ജയശ്രീ അപകടത്തില്‍ മരിച്ചിരുന്നു. നളിനിയമ്മയുടെ മക്കളാണ് ജയശ്രീയും വിദ്യാസാഗറും. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. അതേസമയം, രക്ഷപെടാനായി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയ സ്ത്രീയും കുട്ടിയും മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു.

അപകടത്തില്‍ പെട്ട മലയാളികള്‍ ദില്ലിയില്‍ വിവാഹത്തിനെത്തിയവരാണെന്ന് ദില്ലി കേന്ദ്രീകരിച്ചുള്ള സാമൂഹിക പ്രവര്‍ത്തകയും ശബരിമലസേവാ സമാജം പ്രതിനിധിയുമായ അമ്പിളി സതീഷ് പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പുലര്‍ച്ചെ പവര്‍കട്ട് ഉണ്ടാകുകയും പിന്നീട് ഹോട്ടലില്‍ പുക നിറയുകയുമായിരുന്നു. വര്‍ധിച്ചതോതില്‍ പുക ഉയര്‍ന്നതോടെ ഹോട്ടലില്‍ കഴിഞ്ഞിരുന്നവര്‍ക്ക് ശ്വാസം മുട്ടിയാണ് മരണം സഭവിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഹോട്ടല്‍ അര്‍പ്പിത് പാലസിലെ മുകളിലത്തെ രണ്ട് നിലകളിലാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍പ്പെട്ട മലയാളികളെല്ലാവരും തന്നെ എറണാകുളം സ്വദേശികളാണ്. 26 ഓളം അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി. തീ പൂര്‍ണ്ണമായും അണച്ചതായി അഗ്നിശമനസേന അധികൃതര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Related Articles

Latest Articles