Monday, December 15, 2025

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; പ്രതികൾക്ക് ജാമ്യമില്ല! അരവിന്ദാക്ഷന്‍റെയും ജിൽസിന്‍റെയും ജാമ്യാപേക്ഷ കോടതി തള്ളി

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികൾക്ക് ജാമ്യമില്ല. കേസിൽ റിമാൻഡിലുള്ള സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനുമായ പി ആർ അരവിന്ദാക്ഷന്റെയും ബാങ്കിലെ മുൻ സീനിയര്‍ അക്കൗണ്ടന്‍റായ സി കെ ജിൽസിന്റെയും ജാമ്യാപേക്ഷ വിചാരണാകോടതി തള്ളി. എറണാകുളം പിഎംഎൽഎ കോടതിയുടെതാണ് വിധി.

കേസിൽ മൂന്നാം പ്രതിയായ പി ആർ അരവിന്ദാക്ഷൻ കള്ളപ്പണം വെളുപ്പിച്ചതായാണ് ഇ ഡിയുടെ കണ്ടെത്തൽ. മുഖ്യപ്രതി പി സതീഷ് കുമാറുമായി അരവിന്ദാക്ഷൻ നടത്തിയ സാമ്പത്തിക ഇടപാടുകള്ളുടെ രേഖകളും ഇത് തെളിയിക്കുന്ന ഫോണ്‍ സംഭാഷണങ്ങളും കോടതിയിൽ ഹാജരാക്കിയിരുന്നു. അന്വേഷണം തുടരുന്ന സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം നൽകരുതെന്നാണ് ഇഡിയുടെ വാദം. എന്നാൽ കള്ളപ്പണം വെളുപ്പിച്ചെന്ന വാദം തെറ്റാണെന്നും തന്‍റെ അക്കൗണ്ടിലൂടെ നടത്തിയ സാമ്പത്തിക ഇടപാട് ക്വാറി, ഹോട്ടൽ ബിസിനസ് നടന്ന കാലത്തേതാണെന്നുമാണ് അരവിന്ദാക്ഷൻ കോടതിയെ അറിയിച്ചത്. സതീഷ് കുമാറിന്‍റെ മുൻ ഡ്രൈവറായിരുന്ന അടുപ്പം ഉണ്ടായിരുന്നതായും അരവിന്ദാക്ഷൻ അറിയിച്ചിട്ടുണ്ട്. സെപ്റ്റംബർ 26 നാണ് ഇഡി അരവിന്ദാക്ഷനെ തൃശ്ശൂരിലെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്.

Related Articles

Latest Articles