കശ്മീരിൽ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു. പുൽവാമയിലെ ദ്രബ്ഗാമിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ സേന വധിച്ചത്. ലഷ്കർ ഇ തൊയ്‌ബയുമായി ബന്ധമുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് സുരക്ഷാ സേന അറിയിച്ചത്. പോലീസ് കോൺസ്റ്റബിൾ റിയാസ് അഹമ്മദ് തോക്കറിനെ വധിച്ചയാളും ഇന്ന് കൊല്ലപ്പെട്ടവരിൽ ഉൾപ്പെട്ടതായി ജമ്മുകശ്മീർ പോലീസ് അറിയിച്ചു. പുൽവാമ സ്വദേശികളായ ഫൈസൽ നസീർ ഭട്ട്, ഇർഫാൻ മാലിക്ക്, ജുനൈദ് ഷീർഗോജ്രി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ പക്കൽ നിന്നും എകെ 47 ഉൾപ്പെടെയുള്ള ആയുധങ്ങൾ സുരക്ഷാ സേന പിടിച്ചെടുത്തിട്ടുണ്ട്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മേഖലയിൽ എത്തിയ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഇന്നലെ വൈകുന്നേരത്തോടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടൽ പുലർച്ചെവരെ നീണ്ടു. പ്രദേശത്ത് ഇപ്പോഴും പരിശോധന തുടരുകയാണെന്നാണ് വിവരം.
കൊല്ലപ്പെട്ടവരിൽ ഒരാൾ ലഷ്‌കർ ഇ ത്വയ്ബ ഭീകരനാണെന്ന് വ്യക്തമായിട്ടുണ്ട്. പുൽവാമ സ്വദേശിയായ ജുനൈദ് ഷീർഗോജ്രിയാണ് ലഷ്‌കർ ഇ ത്വായ്ബ പ്രവർത്തകൻ. ഇയാൾ നടത്തിയ ഭീകരാക്രമണത്തിലായിരുന്നു പോലീസ് ഉദ്യോഗസ്ഥൻ വീരമൃത്യുവരിച്ചത്.

