പുല്‍വാമ: ജമ്മുകശ്മീരിലെ പണ്ഡിറ്റുകൾക്ക് നേരെ വീണ്ടും ഭീകരരുടെ ഭീഷണി. 1990-ലെ വംശഹത്യയെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് താഴ്‌വരയില്‍ വീണ്ടും കൊലവിളി മുഴങ്ങുന്നത്. തഹസില്‍ദാര്‍ ഓഫീസില്‍ വച്ച് രാഹുല്‍ ഭട്ട് എന്ന കശ്മീരി പണ്ഡിറ്റ് യുവാവ് കൊല്ലപ്പെട്ട സംഭവത്തോടെ പണ്ഡിറ്റ് സമൂഹം ഭീതിയോടെയാണ് മുന്നോട്ട്പോകുന്നത്.
‘നിങ്ങളെ എല്ലാവരെയും കൊല്ലും’ എന്നെഴുതിയ കത്തില്‍ പുല്‍വാമയിലെ ഹവാല്‍ ട്രാന്‍സിറ്റ് അക്കമഡേഷനിലെ നിവാസികളെയാണ് കശ്‍മീര്‍ വിട്ടു പോയില്ലെങ്കില്‍ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ലഷ്‌കര്‍ ഇ ഇസ്ലാം എന്ന ഭീകര സംഘടനയാണ് പണ്ഡിറ്റുകള്‍ക്ക് നേരെ വധഭീഷണി മുഴക്കിയിരിക്കുന്നത്. എത്ര സുരക്ഷയോടെ ജീവിച്ചാലും കൊല്ലപ്പെടുമെന്നും എന്ന രീതിയിലാണ് ഭീഷണി.
‘എല്ലാ താമസക്കാരും ആര്‍എസ്‌എസ് അനുഭാവികളും ഉടന്‍ ഇവിടം വിട്ടു പോവുക, അല്ലെങ്കില്‍ മരണത്തെ അഭിമുഖീകരിക്കാന്‍ തയ്യാറാവുക’ എന്നെഴുതിയ ഒരു കത്ത് കോളനിയിലെ പ്രസിഡണ്ടിന് ലഭിച്ചതായി അദ്ദേഹം പരാതി നല്‍കിയിരിക്കുന്നു. കശ്മീരി മുസ്ലീങ്ങളെ കൊന്നൊടുക്കി, ഇവിടെ മറ്റൊരു ഇസ്രായേലാക്കി മാറ്റാനാഗ്രഹിക്കുന്ന കാശ്മീരി പണ്ഡിറ്റുകള്‍ക്ക് ഇവിടെ സ്ഥലമില്ലെന്നും കത്തില്‍ പരാമർശിക്കുന്നുണ്ട്.

