കോൺഗ്രസ്സ് മുൻ കൈയെടുത്ത് തുടങ്ങിയ ഇന്ത്യ സഖ്യം രണ്ടു വഴിക്കാക്കാൻ തുടങ്ങിരിക്കുകയാണ് ,അവിടുത്തെ പ്രധാന പ്രശ്‍നം പ്രധാനമന്ത്രി സ്ഥാനാർത്ഥിക്ക് വേണ്ടിയാണ് എന്നാൽ ഇവിടെ സംസ്ഥാനത്ത് മുഖ്യമന്ത്രി സ്ഥാനാർത്ഥിക്ക് വേണ്ടിയുള്ള പ്രശനമാണ് പ്രധാനം , കോൺഗ്രസ്സിൽ അണികളേക്കാൾ കൂടുതൽ നേതാക്കൾ ആന്നെന്ന് എല്ലാവർക്കും അറിയാം അതികൊണ്ട് തന്നെ എല്ലാവർക്കും മുഖ്യമന്ത്രിയാകണം , ഇപ്പോൾ ചെന്നിത്തലയും കെ സി വേണുഗോപാലും തമ്മിലുള്ള പിടിവലിയാണ് നടക്കുന്നത് .
കോൺഗ്രസ്സിൽ പാർട്ടി അദ്ധ്യക്ഷൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അധികാരം കയ്യാളുന്ന പദവിയാണ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി സ്ഥാനം. ആ സ്ഥാനത്തിപ്പോൾ വീണ്ടും അവരോധിക്കപ്പെട്ടിരിക്കുന്നത് കെ.സി വേണുഗോപാലാണ്. ഇദ്ദേഹം തന്നെ നേരിട്ട് ഇടപെട്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച സംസ്ഥാനങ്ങളിൽ പോലും കോൺഗ്രസ്സിനു വൻ തിരിച്ചടി നേരിട്ടിട്ടും സംഘടനാ ജനറൽ സെക്രട്ടറി പദവിയിൽ തുടരുന്നത് രാഹുൽ ഗാന്ധിയുടെ പിന്തുണ ഒന്നുകൊണ്ടു മാത്രമാണ്. ഇക്കാര്യത്തിൽ വലീയ പ്രതിഷേധമാണ് കോൺഗ്രസ്സ് നേതൃത്വത്തിൽ ഉള്ളത്. രാഹുലിനെ പേടിച്ച് ആരും ഇക്കാര്യം പരസ്യമായി പറയുന്നില്ലന്നു മാത്രം.
പാർട്ടിക്ക് തിരിച്ചടിയേറ്റ ചത്തിസ്ഗഢ്, രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ കോൺഗ്രസ്സ് നേതൃത്വത്തിൽ അഴിച്ചുപണി നടത്തുന്ന ദേശീയ നേതൃത്വം ആദ്യം സംഘടനാ ജനറൽ സെക്രട്ടറിയെ മാറ്റിയാണ് അഴിച്ചു പണിക്ക് തുടക്കമിടേണ്ടിയിരുന്നതെന്ന അഭിപ്രായമാണ് മുതിർന്ന നേതാക്കൾക്കിടയിൽ ഉള്ളത്. കെ.സി വേണുഗോപാൽ രാഹുൽ പ്രീണന രാഷ്ട്രീയമാണ് നടത്തുന്നതെന്നതാണ് ഇവർക്കിടയിലെ പൊതുഅഭിപ്രായം. ഒരവസരം ലഭിച്ചാൽ കെ.സിയെ പുകച്ച് പുറത്തുചാടിക്കാൻ തക്കം പാർത്തിരിക്കുന്നവർ എ.ഐ.സി.സി യിലും നിരവധിയാണ്.
വരുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് പരാജയപ്പെട്ടാൽ രാഹുൽ ഗാന്ധിയുടെ മാത്രമല്ല നെഹറു കുടുംബത്തിന്റെ തന്നെ സ്വാധീനമാണ് കോൺഗ്രസ്സിൽ നഷ്ടമാകുക. അത്തരമൊരു സാഹചര്യത്തിൽ കെ.സി വേണുഗോപാലിനും പിന്നെ പിടിച്ചു നിൽക്കാൻ കഴിയുകയില്ല. സ്വന്തം നാടായ കേരളത്തിൽ പോലും വലിയ എതിർപ്പാണ് കെ.സി വേണുഗോപാലിനുള്ളത്.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകണമെന്നതാണ് കെ.സി വേണു ഗോപാലിന്റെ മനസ്സിലിരുപ്പ്. അതിന് വഴി ഒരുക്കുന്നതിനായി കെ.സി ഗ്രൂപ്പിനും രൂപം കൊടുത്തിട്ടുണ്ട്. മുൻ മന്ത്രി എ.പി അനിൽകുമാർ ഉൾപ്പെടെ ഒരു വിഭാഗം നേതാക്കൾ ഇപ്പോൾ ഈ ഗ്രൂപ്പിലാണ് ഉള്ളത്. ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞു എന്ന് പ്രസംഗിക്കുന്നവർ തന്നെയാണ് പുതിയ ഗ്രൂപ്പുണ്ടാക്കി കേരളത്തിലെ കോൺഗ്രസ്സിനെയും കൈപ്പിടിയിൽ ഒതുക്കാൻ ഇപ്പോൾ ശ്രമിക്കുന്നത്. അതിനായി കെ.സി വേണുഗോപാലിന്റെ പഴയ ഐ ഗ്രൂപ്പിനെയാണ് ആദ്യം പിളർത്തിയിരിക്കുന്നത്. ‘എ’ ഗ്രൂപ്പിൽ നിന്നും ടി സിദ്ധീഖ് ഉൾപ്പടെയുള്ള ചില നേതാക്കളെയും കെ.സി സ്വന്തം ഗ്രൂപ്പിലേക്ക് അടർത്തിമാറ്റിയിട്ടുണ്ട്.
സംഘടനാ ജനറൽ സെക്രട്ടറിയുടെ ഈ അവസരവാദ നിലപാടിൽ കട്ട കലിപ്പിലാണിപ്പോൾ എ – ഐ ഗ്രൂപ്പുകൾ ഉള്ളത്. യു.ഡി.എഫിന് അധികാരം ലഭിച്ചാൽ മുഖ്യമന്ത്രി സ്ഥാനം കൊതിക്കുന്ന ഐ ഗ്രൂപ്പിലെ പ്രധാനി രമേശ് ചെന്നിത്തലയാണ്. മുൻപ് തന്റെ കീഴിൽ രൂപംകൊണ്ട മൂന്നാംഗ്രൂപ്പിൽ പ്രവർത്തിച്ച കെ.സി വേണുഗോപാലും വി.ഡി സതീശനും മുഖ്യമന്ത്രി കസേരിയിൽ ഇരിക്കുന്നത് രമേശ് ചെന്നിത്തലയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്. കൂടുതൽ എം എൽ എമാർ പിന്തുണച്ചിട്ടും തന്നെ ഒഴിവാക്കി സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തത് കെ.സി വേണുഗോപാലിന്റെ കുരുട്ടുബുദ്ധിയുടെ ഭാഗമായാണ് ചെന്നിത്തല നോക്കി കാണുന്നത്.
ശശി തരൂരിനെ പ്രവർത്തക സമിതിയിൽ സ്ഥിരാംഗമാക്കിയപ്പോൾ ചെന്നിത്തലയെ ക്ഷണിതാവായി മാത്രം ഒതുക്കിയതിനു പിന്നിലും കെ.സിയുടെ ബുദ്ധിയാണ് പ്രവർത്തിച്ചിരുന്നത്. അധികാരം ലഭിച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചെന്നിത്തലയുടെ സാധ്യത അടക്കുന്നതിനായിരുന്നു ഈ നീക്കം. ശശി തരൂർ ലോകസഭ തിരഞ്ഞെടുപ്പിൽ അഥവാ തോറ്റാൽ പോലും അദ്ദേഹത്തെ രാജ്യസഭ അംഗമാക്കി ഒതുക്കുക എന്നതാണ് ലക്ഷ്യം. നിയമസഭ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ചാൽ മുൻപ് എ.കെ ആന്റണി ലാൻഡ് ചെയ്തതു പോലെ കേരളത്തിൽ എത്തി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷം ലീഗിന്റെ ഉറച്ച ഏതെങ്കിലും സീറ്റിൽ ഉപതിരഞ്ഞെടുപ്പിനു കളമൊരുക്കി മത്സരിച്ച് ജയിക്കുക എന്നതായിരുക്കും കെ.സിയുടെ ലക്ഷ്യമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും കരുതുന്നത്. ഏതായാലും കോൺഗ്രസ്സ് നശിക്കാൻ പൂരത്തിന് ഒരാളുടെ ആവശ്യമല്ല ഇവർ തന്നെ തമ്മിൽ താൾ;ലി തീർന്നോളും .

