Saturday, January 3, 2026

അമാനത്തുള്ള ഖാന്റെ അറസ്റ്റ് ; എ എ പി നേതാവിനെ ന്യായീകരിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ

ദില്ലി മുഖ്യമന്ത്രിയും എഎപി അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാൾ ശനിയാഴ്ച്ച ഭരണകക്ഷിയായ ബി.ജെ.പിയെ പരിഹസിച്ചുകൊണ്ട് പാർട്ടി എം.എൽ.എ അമാനത്തുള്ള ഖാന്റെ അറസ്റ്റിനോട് പ്രതികരിച്ചു.“ഗുജറാത്തിൽ അവർ വളരെയധികം കഷ്ടപ്പെടുന്നതായി തോന്നുന്നു,” അദ്ദേഹം പറഞ്ഞു. എഎപി നേതാവിനെ ദില്ലി പോലീസിന്റെ അഴിമതി വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണിത്.

ദില്ലി വഖഫ് ബോർഡ് റിക്രൂട്ട്‌മെന്റിലെ ക്രമക്കേടുമായി ബന്ധപ്പെട്ട റെയ്ഡിന് ശേഷമാണ് അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തത്.

“ആദ്യം അവർ സത്യേന്ദ്ര ജെയിനെ അറസ്റ്റ് ചെയ്തു. കോടതിയിൽ പലതവണ ആവശ്യപ്പെട്ടിട്ടും തെളിവുകൾ ഹാജരാക്കാൻ ഇവർക്ക് കഴിഞ്ഞില്ല. തുടർന്ന് മനീഷിന്റെ വീട്ടിൽ റെയ്ഡ് നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇപ്പോൾ അമാനത്തുള്ളയെ അറസ്റ്റ് ചെയ്തു, ഇനിയും നിരവധി എംഎൽഎമാരെ അറസ്റ്റ് ചെയ്യും.” അമാനത്തുള്ള ഖാന്റെ അറസ്റ്റിനെ എതിർത്ത് കെജ്‌രിവാൾ ട്വിറ്ററിൽ കുറിച്ചു,

എം.എൽ.എയെ കള്ളക്കേസിൽ കുടുക്കാനും പാർട്ടിയെ അപകീർത്തിപ്പെടുത്താനുമുള്ള ഗൂഢാലോചനയാണെന്ന് അമാനത്തുള്ളയുടെ അറസ്റ്റിനെക്കുറിച്ച് എഎപിയും പ്രതികരിച്ചിരുന്നു.

അതിനിടെ, അമാനത്തുള്ള ഖാന്റെ അടുത്ത സഹായിയും ബിസിനസ് പങ്കാളിയുമായ ഹമീദ് അലിയെ ആയുധ നിയമപ്രകാരം ശനിയാഴ്ച്ച ദില്ലി പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ വസതിയിൽ നിന്ന് ഒരു പിസ്റ്റളും കുറച്ച് ബുള്ളറ്റുകളും 12 ലക്ഷം രൂപയും പോലീസ് കണ്ടെടുത്തു.

Related Articles

Latest Articles