Monday, May 13, 2024
spot_img

കെജ്‌രിവാളിന് തിരിച്ചടി ! ഉടൻ വിട്ടയക്കണമെന്ന ഹർജി പരിഗണിക്കാതെ കോടതി

ദില്ലി മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വീണ്ടും തിരിച്ചടി. ഉടൻ വിട്ടയക്കണമെന്ന ആവശ്യത്തില്‍ ദില്ലി ഹൈക്കോടതി പരിഗണിച്ചില്ല. അറസ്റ്റ് നിയമവിരുദ്ധമാണെന്ന ഹര്‍ജിയും കസ്റ്റഡി കാലാവധി ഉടൻ പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ ഉടൻ വിട്ടയക്കണമെന്നാവശ്യപ്പെട്ടുള്ള ഉപഹര്‍ജിയുമാണ് ഇന്ന് ദില്ലി ഹൈക്കോടതി പരിഗണിച്ചത്.

കസ്റ്റഡി കാലാവധി ഉടൻ പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ ഉടൻ വിട്ടയക്കണമെന്ന ഉപഹർജിയിൽ മറുപടി നല്‍കാൻ സമയം അനുവദിക്കണമെന്ന് ഇഡി കോടതിയില്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഉപഹര്‍ജിയില്‍ വിശദീകരണം തേടി ഇഡിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. നോട്ടീസിൽ മറുപടി നല്‍കാൻ ഏപ്രില്‍ രണ്ടുവരെ സമയം അനുവദിച്ചിട്ടുണ്ട്. ഏപ്രില്‍ മൂന്നിന് ഉപഹർജിയിൽ വിശദമായ വാദം തുടരും.

അതെ സമയം കെജ്‌രിവാളിന്റെ ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. ഒരു മണിക്കൂറോളം ചോദ്യം ചെയ്തതിനു പിന്നാലെ മാര്‍ച്ച് 21നാണ് അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. 9 തവണ സമൻസ് നൽകിയിട്ടും ചോദ്യം ചെയ്യലിനു ഹാജരാകാതിരുന്ന കേജ്‌രിവാളിന്റെ സിവിൽ ലെയ്ൻസിലെ ഔദ്യോഗിക വസതിയിൽ 21 ന് രാത്രി ഏഴു മണിയോടെയാണ് 12 അംഗ ഇഡി സംഘമെത്തിയത്. തുടര്‍ന്ന് വിചാരണ കോടതി മാര്‍ച്ച് 28വരെ ഇഡിയുടെ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യുകയായിരുന്നു

Related Articles

Latest Articles