Sunday, January 11, 2026

സംസ്ഥാനത്ത് വീണ്ടും പീഡനം. ക്വാറന്റീനില്‍ കഴിഞ്ഞ യുവതിയെ ആരോഗ്യപ്രവർത്തകൻ പീഡിപ്പിച്ചു

തിരുവനന്തപുരം: കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവതിയെ ആരോഗ്യപ്രവർത്തകൻ പീഡിപ്പിച്ചെന്നു പരാതി. തിരുവനന്തപുരം വെള്ളറടയിലാണ് സംഭവം. കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് വാങ്ങാൻ വീട്ടിലെത്തിയപ്പോഴാണ് ആരോഗ്യ പ്രവർത്തകൻ പീഡിപ്പിച്ചത്. കുളത്തൂപ്പുഴ സ്വദേശിയായ യുവതിയുടെ പരാതിയിൽ ആരോഗ്യപ്രവർത്തകനെതിരെ പൊലീസ് കേസെടുത്തു.

കുളത്തൂപ്പുഴ സ്വദേശിനിയായ യുവതി മലപ്പുറത്ത് ജോലിക്ക് പോയിരുന്നു. തിരിച്ചെത്തിയ അവര്‍ വെള്ളറടയില്‍ സൃഹൃത്തിനൊപ്പം ക്വാറന്റീനില്‍ കഴിഞ്ഞു. അതിനുശേഷം നടത്തിയ പരിശോധനയില്‍ രോഗബാധയില്ലെന്ന് വ്യക്തമായി. ഇതോടെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടറോട് ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ട്ടിഫിക്കറ്റിനായി പാങ്ങോടുള്ള വീട്ടിലേക്ക് വരണമെന്നാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിര്‍ദ്ദേശിച്ചത്. ഇതനുസരിച്ച് പാങ്ങോടെത്തിയ യുവതിയെ വീട്ടില്‍വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.

പരാതിയിൽ വെള്ളറട പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയശേഷം കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവം നടന്നത് പാങ്ങോട് സ്റ്റേഷന്‍ പരിധിയില്‍ ആയതിനാല്‍ കേസ് അവിടേക്ക് മാറ്റും.

പത്തനംതിട്ടയിൽ ആംബുലൻസ് ഡ്രൈവർ കോവിഡ് ബാധിതയായ യുവതിയെ പീഡിപ്പിച്ചെന്ന വാർത്തയ്ക്കു പിന്നാലെയാണ് തിരുവനന്തപുരത്തും സമാനമായ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കായംകുളം സ്വദേശിയായ നൗഫലാണ് പത്തനംതിട്ടയിൽ പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇയാൾ കൊലക്കേസ് പ്രതിയാണെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Latest Articles