Thursday, May 16, 2024
spot_img

വീണ്ടും സര്‍ക്കാരിന്റെ ജനവഞ്ചന; കടമെടുത്ത കോടികള്‍ മടക്കി നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍

നെടുങ്കണ്ടം: ഉടന്‍ തിരിച്ച്‌ നല്‍കാമെന്ന വ്യവസ്ഥയില്‍ നെടുങ്കണ്ടം പഞ്ചായത്ത് പ്ലാന്‍ ഫണ്ടില്‍ നിന്ന് കടമെടുത്ത 1.5 കോടി തിരിച്ച്‌ നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍. ഇതോടെ മേഖലയിലെ അടിയന്തര പ്രാധാന്യമുള്ള കുടിവെള്ള പദ്ധതികള്‍ അടക്കമുള്ളവ അവതാളത്തിലായിരിക്കുകയാണ്.

ഇടുക്കി ജില്ലയിലെ മലയോര മേഖലയില്‍പ്പെടുന്ന പഞ്ചായത്തിന്റെ വികസനത്തിനായി അനുവദിച്ച തുക ഡിസംബറില്‍ മടക്കി നല്‍കാമെന്ന് പറഞ്ഞ് സര്‍ക്കാര്‍ പ്രളയത്തിന് പിന്നാലെ മടക്കി വാങ്ങുകയായിരുന്നു. പ്രളയത്തിലെ നാശനഷ്ടം പരിഹരിക്കാനാണെന്ന് പറഞ്ഞാണ് പഞ്ചായത്തില്‍ നിന്ന് പണം തിരികെ വാങ്ങിയത്.

താന്നിമൂട്ടില്‍ വാട്ടര്‍ അതോറിറ്റിക്ക് ജലമെത്തിക്കാന്‍ പൈപ്പിടേണ്ടി വന്നപ്പോഴാണ് സര്‍ക്കാരിന്റെ ഈ ജനവഞ്ചന പുറത്ത് വന്നത്. ഇതുമൂലം സമീപ പഞ്ചായത്തുകളില്‍ പണികള്‍ നടക്കുമ്പോള്‍ നെടുങ്കണ്ടത്തെ മിക്ക പണികളും മുടങ്ങിക്കിടക്കുകയാണ്. ഈ ഫണ്ട് ലഭിച്ചിരുന്നെങ്കില്‍ കുഴല്‍ക്കിണര്‍ നിര്‍മ്മിക്കാനാകുമായിരുന്ന പഞ്ചായത്ത് പ്രസിഡന്റ് ജ്ഞാനസുന്ദരം പ്രതികരിച്ചു. പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമരത്തിനൊരുങ്ങുകയാണ് ബിജെപി.

കടുത്ത വേനലില്‍ മേഖലയിലാകെ ആയിരക്കണക്കിന് കുടുംബങ്ങളാണ് കുടിവെള്ളം ലഭിക്കാതെ വലയുന്നത്. ഇത്തരത്തില്‍ മറ്റ് പഞ്ചായത്തുകളില്‍ നിന്നും മുനിസിപ്പാലിറ്റികളില്‍ നിന്നും പണം കടമെടുത്തതായും വിവരമുണ്ട്. ഇത്തരത്തില്‍ പണം തിരിച്ചെടുത്തപ്പോഴും 10,000 രൂപയുടെ ആദ്യഘട്ട സഹായം പോലും കൃത്യമായി വിതരണം ചെയ്യാന്‍ സര്‍ക്കാരിനായില്ല.

Related Articles

Latest Articles