തിരുവനന്തപുരം: പെരിയയിൽ കോൺഗ്രസ് പ്രവർത്തകരായ കൃപേശും ശരത് ലാലും കൊല്ലപ്പെട്ട കേസ് സിബിഐ അന്വേഷിക്കാതിരിക്കാൻ സർക്കാർ വീണ്ടും വാൻ തുക മുടക്കുന്നു. സിപിഎമ്മുകാർ പ്രതികളായ കേസ് സിബിഐക്കു വിടരുതെന്നു വാദിക്കാൻ കൊണ്ടുവന്ന സുപ്രീം കോടതി അഭിഭാഷകനു വീണ്ടും സർക്കാർ വക 20 ലക്ഷം രൂപ അനുവദിച്ചു. കഴിഞ്ഞ മാസം ഈയിനത്തിൽ മറ്റൊരു അഭിഭാഷകന് സർക്കാർ 25 ലക്ഷം രൂപ അനുവദിച്ചിരുന്നു.
കഴിഞ്ഞ മാസം 25 ലക്ഷം ഫീസ് വാങ്ങിയ അഭിഭാഷകന്റെ വാദത്തിനിടെ സർക്കാരിനെതിരെ ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ തിരിച്ചടിയായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ അഭിഭാഷകനായി സുപ്രീം കോടതിയിലെ മനീന്ദർ സിങ്ങിനെ രംഗത്തിറക്കിയത്. മനീന്ദറിന് 20 ലക്ഷം രൂപ അനുവദിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. അഭിഭാഷകന്റെ ഒപ്പമെത്തുന്ന സഹായിക്ക് 1 ലക്ഷം രൂപ നൽകാനും തീരുമാനിച്ചു.
ഇതോടെ സിപിഎമ്മുകാർ പ്രതിയായ കേസ് സിബിഐ അന്വേഷിക്കാതിരിക്കാൻ ഖജനാവിൽനിന്ന് ഇതുവരെ അനുവദിച്ച തുക 46 ലക്ഷം രൂപയായി. അഭിഭാഷകന് ഡൽഹിയിൽ നിന്നു കൊച്ചിയിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റിനും താമസത്തിനും ഭക്ഷണത്തിനുമൊക്കെയുള്ള ചിലവ് ഇതിന് പുറമെയാണ്.
കാസർഗോഡ് പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും ഫെബ്രുവരി 17നാണു വെട്ടിക്കൊന്നത്. കൊലയ്ക്കു പിന്നിലെ ഉന്നത ഗൂഢാലോചന പുറത്തു കൊണ്ടുവരാൻ കേസ് സിബിഐക്കു കൈമാറണമെന്നാവശ്യപ്പെട്ട് കൃപേഷിന്റെ പിതാവ് കൃഷ്ണനാണ് ഹൈക്കോടതിയെ സമീപിച്ചത്. കൃഷ്ണന്റെ ഹർജിയിൽ പൊലീസ് സമർപ്പിച്ച കുറ്റപത്രം റദ്ദാക്കിയ സിംഗിൾ ബെഞ്ച് കേസ് സിബിഐക്കു കൈമാറി ഉത്തരവിറക്കി. ഈ ഉത്തരവ് റദ്ദാക്കാനാണ് സർക്കാർ പൊതു ഖജനാവിൽ നിന്ന് ഈ വലിയ തുക ചെലവിടുന്നത്.

