Tuesday, May 21, 2024
spot_img

ഇനി വ്രതശുദ്ധിയുടെ മണ്ഡലകാലം; മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും

പത്തനംതിട്ട: മണ്ഡല, മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്നു തുറക്കും. 41 നാൾ നീളുന്ന വ്രതശുദ്ധിയുടെ മണ്ഡലകാലത്തിന് ഇതോടെ തുടക്കമാകും. വൈകിട്ട് ക്ഷേത്രം തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ ക്ഷേത്രം മേൽശാന്തി വി എൻ. വാസുദേവൻ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് ദീപം തെളിക്കും. സന്നിധാനം ,മാളികപ്പുറം നിയുക്ത മേൽശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകളും ഇന്നു നടക്കും.

ശബരിമല മേൽശാന്തിയായി മലപ്പുറം തിരൂർ തിരുനാവായ അരീക്കര മനയിൽ എ കെ. സുധീർ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തിയായി ആലുവ പുളിയനം പാറക്കടവ് മാടവനയിൽ എം എസ്. പരമേശ്വരൻ നമ്പൂതിരിയുമാണ് ഇന്ന് ചുമതലയേൽക്കുക. തുലാം ഒന്നു മുതൽ ഒരു മാസമായി രണ്ടു മേൽശാന്തിമാരും സന്നിധാനത്തു താമസിച്ച് പൂജാകർമങ്ങൾ പഠിച്ചുവരികയായിരുന്നു. ഞായറാഴ്ച പുലർച്ചെ നട തുറക്കുന്നത് പുതിയ മേൽശാന്തിമാരായിരിക്കും.

ശക്തമായ സുരക്ഷ ക്രമീകരണങ്ങളാണ് ശബരിമലയിൽ ഒരുക്കിയിട്ടുള്ളത്. സുരക്ഷ കണക്കിലെടുത്ത് 2500 പൊലീസ് ഉദ്യോഗസ്ഥരെയാണ് ആദ്യഘട്ടത്തിൽ വിന്യസിക്കുന്നത്. നിലയ്ക്കലും, പമ്പയിലും, സന്നിധാനത്തും ദേവസ്വം ബോർഡിന്‍റെയും വിവിധ വകുപ്പുകളുടെയും ഒരുക്കങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്. ഇത്തവണയും തീർത്ഥാടകരുടെ വാഹനങ്ങൾ പമ്പയിലേക്ക് കടത്തി വിടില്ല. 10000 ത്തോളം വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം നിലയ്ക്കൽ ഒരുക്കിയിട്ടുണ്ട്. 2000 വാഹനങ്ങൾ കൂടി പാർക്ക് ചെയ്യാനുള്ള സൗകര്യം ഉടൻ പൂർത്തിയാകുമെന്ന്‍ പത്തനംതിട്ട ജില്ല കളക്ടർ പറഞ്ഞു.

പമ്പയിൽ ത്രിവേണി മുതൽ ഗണപതി ക്ഷേത്രം വരെ താത്ക്കാലിക നടപന്തലും തീർത്ഥാടകർക്ക് വിരി വെയ്ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പ്രളയത്തിൽ തകർന്ന പമ്പാ തീരത്തെ കുളിക്കടവുകളുടെ പണിയും പൂർത്തിയായിട്ടുണ്ട്. ശബരിമല സന്നിധാനത്ത് 6000 ലധികം പേർക്ക് വിരിവെക്കാനുള്ള സൗകര്യമുണ്ടാകും. പ്രസാദ വിതരണത്തിനായി പ്രത്യേക കൗണ്ടറും സജ്ജമാക്കിയിട്ടുണ്ട്. കൂടുതൽ ശൗചാലയങ്ങളും മാലിന്യ സംസ്‌കരണത്തിനായി പ്രത്യേക പ്ലാന്‍റുകളും ഒരുക്കിയിട്ടുണ്ട്.

Related Articles

Latest Articles