അഖിലേന്ത്യാ സര്‍വീസ് ഉദ്യോഗസ്ഥരുടെ പുതിയ ഡെപ്യൂട്ടേഷന്‍ നയത്തിനെതിരെ കേരളം രംഗത്ത് . അഖിലേന്ത്യാ സർവീസുകളുടെ ഡെപ്യൂട്ടേഷൻ ചട്ടങ്ങളിലെ നിർദിഷ്ട ഭേദഗതകൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് (Narendra Modi) കത്തയച്ചു. കേന്ദ്രം നിര്‍ദേശിക്കുന്ന ഭേദഗതി നിലവിലെ ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുമെന്ന് കത്തില്‍ പറയുന്നു. ഭേദഗതി സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരില്‍ ആശങ്കയും ഭീതിയും ജനിപ്പിക്കും. അതിനാല്‍ ഭേദഗതി നീക്കം ഉപേക്ഷിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.
ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ സംവിധാനത്തിനു കീഴിൽ കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരുകൾക്കും തുല്യ പ്രാധാന്യമാണുള്ളത്. വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളും വീക്ഷണങ്ങളും ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ സംഘടനകളാൽ രൂപീകരിക്കപ്പെടുന്നവയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എന്നത് ഫെഡറലിസത്തെ ശക്തമായി മുന്നോട്ടു കൊണ്ടുപോകുന്നതിനു വിഘാതമാകരുത്. ഭരണഘടനയുടെ ചട്ടക്കൂടിനുള്ളിൽ നിന്നു പ്രവർത്തിക്കാൻ ഏവരും പ്രതിജ്ഞാബദ്ധരാണെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരുടെ നിയമനത്തിലും ഡെപ്യൂട്ടേഷനിലും കേന്ദ്രത്തിന്റെ അധികാരം വർധിപ്പിക്കുന്നതാണ് പുതിയ ഭേദഗതി.

