Friday, May 17, 2024
spot_img

ഇനി 288 റണ്‍സ് വിജയലക്ഷ്യം; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായി ഭേദപ്പെട്ട തുടക്കമിട്ട് ഇന്ത്യ

കേപ്ടൗണ്‍: ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 288 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലാണ് ഈ തുടക്കം. 12 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 55 റണ്‍സെന്ന നിലയിലാണ് ഇന്ത്യ.

ആദ്യം ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത 49.5 ഓവറില്‍ 287 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു.

ശിഖര്‍ ധവാനും (29) വിരാട് കോലിയുമാണ് (15) ക്രീസില്‍. ഒമ്പത് റണ്‍സെടുത്ത ക്യാപ്റ്റന്‍ കെ.എല്‍ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

മാത്രമല്ല ഓപ്പണര്‍ ക്വിന്റണ്‍ ഡിക്കോക്കിന്റെ സെഞ്ചുറിയും റാസ്സി വാന്‍ഡെര്‍ ദസ്സന്റെ അര്‍ധസെഞ്ചുറിയുമാണ് ദക്ഷിണാഫ്രിക്കയെ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താന്‍ സഹായിച്ചത്.

17-ാം ഏകദിന സെഞ്ചുറി കണ്ടെത്തിയ ഡിക്കോക്ക് 130 പന്തില്‍ നിന്ന് രണ്ട് സിക്‌സും 12 ഫോറുമടക്കം 124 റണ്‍സെടുത്തു. ദസ്സന്‍ 59 പന്തുകള്‍ നേരിട്ട് ഒരു സിക്‌സും നാല് ഫോറുമടക്കം 52 റണ്‍സെടുത്തു.

അത്ര നല്ല തുടക്കമായിരുന്നില്ല ദക്ഷിണാഫ്രിക്കയുടേത്. കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി വീരന്‍ ജാന്നെമന്‍ മലാനെ (1) മൂന്നാം ഓവറില്‍ തന്നെ ദീപക് ചാഹര്‍ മടക്കി. പിന്നാലെ ഏഴാം ഓവറില്‍ ടെംബ ബവുമ (8) റണ്ണൗട്ടായി. തുടര്‍ന്ന് 13-ാം ഓവറില്‍ ഏയ്ഡന്‍ മാര്‍ക്രത്തെയും (15) ചാഹര്‍ മടക്കി.

എന്നാല്‍ പിന്നാലെ ക്രീസില്‍ ഒന്നിച്ച ഡിക്കോക്ക് – ദസ്സന്‍ സഖ്യം നാലാം വിക്കറ്റില്‍ 144 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി പ്രോട്ടീസിനെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. 36-ാം ഓവറില്‍ ഡിക്കോക്കിനെ ബുംറ മടക്കി. തൊട്ടടുത്ത ഓവറില്‍ ദസ്സനെ മടക്കി യൂസ്‌വേന്ദ്ര ചാഹല്‍ പ്രോട്ടീസിനെ പ്രതിരോധത്തിലാക്കി.

തുടര്‍ന്ന് 39 റണ്‍സെടുത്ത ഡേവിഡ് മില്ലറും 20 റണ്‍സെടുത്ത ഡ്വെയ്ന്‍ പ്രിട്ടോറിയസും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയെ 250 കടത്തിയത്. ആന്‍ഡില്‍ പെഹ്‌ലുക്‌വായോ (4), കേശവ് മഹാരാജ് (6), സിസാന്‍ഡ മഗള (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

ഇന്ത്യയ്ക്കായി പ്രസിദ്ധ് കൃഷ്ണ മൂന്നും ദീപക് ചാഹര്‍, ബുംറ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.

അതേസമയം ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. നാല് മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കാനിറങ്ങിയിരിക്കുന്നത്.

ശാര്‍ദുല്‍ താക്കൂര്‍, രവിചന്ദ്ര അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, വെങ്കടേഷ് അയ്യര്‍ എന്നിവര്‍ക്ക് പകരം സൂര്യകുമാര്‍ യാദവ്, ജയന്ത് യാദവ്, പ്രസിദ്ധ് കൃഷ്ണ, ദീപക് ചാഹര്‍ എന്നീ താരങ്ങള്‍ ടീമിലിടം നേടി.

മറുവശത്ത് ദക്ഷിണാഫ്രിക്ക ഒരു മാറ്റമാണ് വരുത്തിയിരിക്കുന്നത്. സ്പിന്നര്‍ തബ്റൈസ് ഷംസിയ്ക്ക് പകരം ഡ്വെയ്ന്‍ പ്രിട്ടോറിയസ് ടീമിലിടം നേടി.

Related Articles

Latest Articles