തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് ടു പരീക്ഷാ തീയ്യതിയിൽ മാറ്റം. ഏപ്രില്‍ 18ന് നടക്കേണ്ട ഇംഗ്ലീഷ് പരീക്ഷ ഏപ്രില്‍ 23 ശനിയാഴ്ച്ചയിലേക്ക് മാറ്റി. 20ന് നടക്കേണ്ട ഫിസിക്‌സ്, എക്കണോമിക്‌സ് പരീക്ഷകള്‍ 26ലേക്കും മാറ്റി. പരീക്ഷ സമയക്രമത്തില്‍ മാറ്റമില്ല.
ജെഇഇ പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് ടൈം ടേബിള്‍ പുനഃക്രമീകരിച്ചത്. പ്ലസ് ടു പരീക്ഷ മാര്‍ച്ച് 30നാണ് ആരംഭിക്കുന്നത്. ഏപ്രില്‍ 22ന് അവസാനിക്കുന്ന രീതിയിലായിരുന്നു നേരത്തെ പരീക്ഷകള്‍ നിശ്ചയിച്ചിരുന്നത്.
അതേസമയം, സംസ്ഥാനത്ത് ഇനി എസ്.എസ്.എല്‍.സി, പ്ലസ് ടു ക്ലാസുകളില്‍ ഏര്‍പ്പെടുത്തിയിരുന്ന ഫോക്കസ് ഏരിയ രീതി അവസാനിപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. കോവിഡ് കാലത്ത് സ്കൂളുകളിലെ അധ്യയനം ലഭിയ്ക്കാതിരുന്ന സാഹചര്യത്തില്‍ കുട്ടികളുടെ പഠന സൗകര്യാര്‍ത്ഥം എസ്.എസ്.എല്‍.സി, പ്ലസ് ടു ക്ലാസുകളിലാണ് ഫോക്കസ് ഏരിയ രീതി നടപ്പിലാക്കിയിരുന്നത്. ഇത്തവണ ജൂണില്‍ നടക്കാനിരിക്കുന്ന പ്ലസ് വണ്‍ പരീക്ഷയ്ക്കും ഫോക്കസ് ഏരിയ ഉണ്ടാകില്ല.
സ്കൂളുകളിലെ അധ്യയനം സാധാരണ നിലയിലായതിനെത്തുടര്‍ന്നാണ് നിശ്ചിത ശതമാനം പാഠഭാഗങ്ങള്‍ക്ക് മാത്രം മുന്‍തൂക്കം നല്‍കി പഠിക്കുന്ന ഫോക്കസ് ഏരിയ രീതി അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ഇന്നലെ മന്ത്രി വി.ശിവന്‍കുട്ടിയാണ് അധ്യാപകരുടെ യാത്രയയപ്പു യോഗത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

