Saturday, May 11, 2024
spot_img

മഴക്കെടുതി: അടിയന്തര സഹായമായി പതിനായിരം രൂപ; വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം; മാധ്യമപ്രവര്‍ത്തകന്‍ ബഷീറിന്‍റെ ഭാര്യയ്ക്ക് ജോലി

തിരുവനന്തപുരം: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ അടിയന്തര സഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ ആശ്രിതര്‍ക്ക് നാലു ലക്ഷം രൂപ വീതം നല്‍കും. ദുരന്ത നിവാരണ നിധിയില്‍ നിന്ന് 10,000 രൂപ അടിയന്തര സഹായമായി അനുവദിക്കും. വീട് തകര്‍ന്നവര്‍ക്ക് നാലു ലക്ഷം രൂപയും വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 10ലക്ഷം രൂപ വീതം അനുവദിക്കും. ദുരന്തബാധിത മേഖലയിലെയും തീരദേശ മേഖലയിലെയും എല്ലാ കുടുംബങ്ങള്‍ക്കും 15 കിലോ വീതം സൗജന്യ അരി നല്‍കും.

ദുരിതത്തിന് ഇരയായവര്‍ക്ക് ആകാവുന്ന സഹായം സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അര്‍ഹമായ വില്ലേജുകളെ കാലവര്‍ഷക്കെടുതി ബാധിച്ച പ്രദേശങ്ങളായി പ്രഖ്യാപിക്കും. ദുരന്ത നിവാരണ ചട്ടങ്ങളും നിയമങ്ങളും അനുസരിച്ച് പ്രഖ്യാനത്തിന് ദുരന്ത നിവാരണ അതോറിട്ടിയെ ചുമതലപ്പെടുത്തി. പ്രളയ ജലം പ്രവേശിച്ച വീടുകളും ഭാഗികമായോ പൂര്‍ണ്ണമായോ തകര്‍ച്ച നേരിട്ട വീടുകള്‍, ഇവിടങ്ങളില്‍ താമസിച്ച കുടുംബങ്ങള്‍, പ്രകൃതി ദുരന്ത സാധ്യത കണക്കാക്കി മുന്നറിയിപ്പ് പ്രകാരം സര്‍ക്കാര്‍ അംഗീകൃത ക്യാംപുകളില്‍ താമസിച്ചവരെയും ദുരന്ത ബാധിത കുടുംബമായി കണക്കാക്കും.

കഴിഞ്ഞ വര്‍ഷത്തെ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ കൃത്യമായ പരിശോധനയുടെ അടിസ്ഥാനത്തിലായിരിക്കും ധനസഹായം നിര്‍ണയിക്കുക. വില്ലേജ് ഓഫീസറും പഞ്ചായത്ത് സെക്രട്ടറിയും കൂടിയാണ് പരിശോധന നടത്തി മാനദണ്ഡം നിശ്ചയിക്കുക.

കാലവര്‍ഷക്കെടുതി ബാധിച്ച മേഖലയിലെ കുടുംബങ്ങള്‍ക്ക് എസ്.ഡി.ആര്‍.എഫ് മാനദണ്ഡം അനുസരിച്ച് പതിനായിരം രൂപ വീതം സഹായം അനുവദിക്കും. വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നവയ്ക്ക് നാലു ലക്ഷവും വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപ അനുവദിക്കും. ഇതോടൊപ്പം കൃഷിനാശവും കുടിവെള്ള പദ്ധതികള്‍ക്കും തകര്‍ച്ച നേരിട്ടു. ജലസേചന പദ്ധതികള്‍ തകരാറിലായി. റോഡുകളും കെട്ടിടങ്ങളും പുനര്‍നിര്‍മ്മിക്കേണ്ടതുണ്ട്. കഴിഞ്ഞ പ്രളയ കാലത്തെ അതേ മാനദണ്ഡപ്രകാരം പണം അനുവദിക്കും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന സംഭാവനകള്‍ കൈമാറി നല്‍കുന്നതിന് പൊതുമേഖല, സഹകരണ ബാങ്കുകള്‍ സാധാരണ കമ്മീഷന്‍ ഈടാക്കുന്നുണ്ട്. ഈ കമ്മീഷന്‍ ഒഴിവാക്കാന്‍ സംസ്ഥാന ബാങ്ക് സമിതിയോട് ആവശ്യപ്പെടും. ദുരിതബാധിതരുടെ നിക്ഷേപമുള്ള ബാങ്കുകളിലെ മിനിമം ബാലന്‍സ് തുക എന്ന നിബന്ധന ഒഴിവാക്കാന്‍ ആവശ്യപ്പെടും.

കാലവര്‍ഷക്കെടുതിയുടെയും വ്യാപാര സ്ഥാപനങ്ങളുടെയും നഷ്ടപരിഹാരം സംബന്ധിച്ച ശുപാര്‍ശ നല്‍കാന്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു. കാലവര്‍ഷക്കെടുതി ബാധിച്ച മേഖലയിലെ എല്ലാ കുടുംബങ്ങള്‍ക്കും 15 കിലോ അരി വീതം സൗജന്യമായി നല്‍കും. തീരദേശത്തുള്ള മത്സ്യത്തൊഴിലാളി കുടുംബങ്ങളും ഉള്‍പ്പെടും.

കേന്ദ്രസര്‍ക്കാരിനോട് ധനസഹായം ആവശ്യപ്പെടാന്‍ മെമ്മോറാണ്ടം തയ്യാറാക്കും. ചീഫ് സെക്രട്ടറി, ആഭ്യന്തര, ധനകാര്യ, കൃഷി അഡീഷണല്‍ ചീഫ് സെക്രട്ടറി റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരടങ്ങുന്ന സമിതിയെ ചുമതലപ്പെടുത്തി.

ദുരന്തത്തില്‍ പരിസ്ഥിതി പ്രശ്‌നങ്ങളും ഒരു ഘടകമാണ്. ഇക്കാര്യത്തില്‍ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തും. ദുരന്ത തീവ്രത വര്‍ധിപ്പിക്കുന്ന പാരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ കണ്ടെത്തി പരിഹരിക്കും. ഈ ഘട്ടത്തില്‍ ലഭിക്കുന്ന നിയമപരമായ ഏതു സഹായവും സ്വീകരിക്കേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷത്തെ പ്രളയം അതിജീവിക്കാന്‍ 31,000 കോടി രൂപ വേണമെന്നാണ് യു.എന്‍ ഏജന്‍സികള്‍ വിലയിരുത്തിയത്. ഈ വര്‍ഷം അത് വര്‍ധിച്ചു. അതിനനുസരിച്ചുള്ള വിഭവ സമാഹരണമാണ് ലക്ഷ്യം.

ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസ് ഓടിച്ച കാറിടിച്ച് മരിച്ച മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്‍റെ കുടുംബത്തിനും സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചു. ബഷീറിന്‍റെ ഭാര്യയ്ക്ക് മലയാളം സര്‍വകലാശാലയില്‍ ജോലി നല്‍കും. അമ്മയ്ക്കും മക്കള്‍ക്കും രണ്ടു ലക്ഷം രൂപ വീതവും മൊത്തം നാലു ലക്ഷം രൂപ ധനസഹായം അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Related Articles

Latest Articles