Sunday, June 16, 2024
spot_img

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിന് സാധ്യത: ശനിയാഴ്ച വരെ കനത്ത മഴ തുടരുമെന്നും കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യത. ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. ഇന്നും വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ കണ്ണൂരും കാസർകോടും ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. അടുത്ത 3 മണിക്കൂറില്‍ ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും ഉച്ചയ്ക്ക് ഒരുമണിക്ക് പുറപ്പെടുവിച്ച വാര്‍ത്താക്കുറിപ്പില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നാളെ ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ഒഴികെ 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി മാറിയേക്കും. ഇതും മഴ കനക്കാൻ കാരണമാകും.

അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിൽ ജാഗ്രത തുടരണം. മലയോര മേഖലകളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. കേരളാ തീരത്ത് നിലവിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. കഴിഞ്ഞ ദിവസം കേരളമടക്കം തെക്കേയിന്ത്യയിൽ നിന്നും കാലവർഷം പൂർണമായും പിൻവാങ്ങിയതായും തുലാവർഷം ആരംഭിച്ചതായും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നു.

ഉച്ചയ്ക്ക് ശേഷം ശക്തമായ മഴ പെയ്യുന്ന പ്രവണതയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്തുണ്ടായിരുന്നത്. കൂടാതെ ഒറ്റപ്പെട്ട കനത്ത മഴയോടൊപ്പം ഇടിയും മിന്നലും ഇപ്പോൾ അനുഭവപ്പെടുന്നുണ്ട്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മേഖലകൾ എന്നിവിടങ്ങളിലെല്ലാം അതിശക്തമായ മഴയാണ് ഈ ദിവസങ്ങളിലുണ്ടായത്. ഈ ആഴ്ച അവസാനത്തോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ന്യൂനമര്‍ദ്ദത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

Related Articles

Latest Articles