Saturday, May 18, 2024
spot_img

സോഫ്റ്റ്വെയറിനെ പഴിചാരി കേരള സര്‍വകലാശാല: മാര്‍ക്ക്ദാന ക്രമക്കേടില്‍ വിദഗ്ധ സമിതി റിപ്പോര്‍ട്ട്

തിരുവനന്തപുരം : കേരള സര്‍വകലാശാലയിലെ മോഡറേഷന്‍ ക്രമക്കേടില്‍ സോഫ്റ്റ്വെയറിനെ പഴിചാരി വിദഗ്ധ സമിതി റിപ്പോര്‍ട്ട്. ബോധപൂര്‍വം കൃത്രിമം നടന്നിട്ടില്ലെന്നും മോഡറേഷന്‍ സോഫ്റ്റ്‌വെയറിലെ തകരാറാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് സിന്‍ഡിക്കേറ്റില്‍ ചര്‍ച്ച ചെയ്തു.

പൂര്‍ണമായും സോഫ്റ്റ്വെയറിനെ പഴിചാരിയാണ് സര്‍വകലാശാലയുടെ ആഭ്യന്തര വിദഗ്ധ സമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ബോധപൂര്‍വമായ ക്രമക്കേട് നടന്നിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചില പരീക്ഷകളുടെ മോഡറേഷന്‍ മാര്‍ക്ക് കുറഞ്ഞിട്ടുണ്ടെന്നും വിദഗ്ധ സമിതി കണ്ടെത്തി. കൂടുതല്‍ യൂസര്‍ ഐഡി ഉപയോഗിച്ച് തിരിമറി നടത്തിയതിന് തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ സ്ഥലം മാറിപ്പോയ ഡെപ്യൂട്ടി രജിസ്ട്രാറുടെ യൂസര്‍ ഐഡി ഉപയോഗിച്ചാണ് ക്രമക്കേട് നടന്നതെന്ന് നേരത്തെ വ്യകതമായിരുന്നു.

വിദഗ്ധ സമിതി റിപ്പോര്‍ട്ട് ഇന്നത്തെ സിന്‍ഡിക്കേറ്റ് യോഗത്തില്‍ പരിശോധിച്ചു. കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയില്ലെന്നാണ് സൂചന. മാര്‍ക്ക്ദാന വിവാദത്തില്‍ സര്‍വകലാശാല എടുക്കേണ്ട നടപടികളെക്കുറിച്ചും, സോഫ്റ്റ് വെയര്‍ പരിഷ്‌കരണത്തെക്കുറിച്ചും സിന്‍ഡിക്കേറ്റില്‍ ചര്‍ച്ച ചെയ്തു.

അതേസമയം, മോഡറേഷന്‍ ക്രമക്കേടില്‍ കേസെടുത്ത് അന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ച് തീരുമാനം. കേസെടുത്ത് അന്വേഷിക്കാന്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിജിപിക്ക് ശുപാര്‍ശ നല്‍കും.

Related Articles

Latest Articles